Asianet News MalayalamAsianet News Malayalam

രഹസ്യനീക്കങ്ങള്‍ പുറത്തായതോടെ കണ്ണുരുട്ടി സര്‍ക്കാര്‍; വിവരങ്ങള്‍ ചോര്‍ന്നാൽ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിടുന്ന ഫയലുകൾ പുറത്തുപോയാൽ കർശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ തന്നെ പല വാദങ്ങൾ ഉത്തരവുകൾ പുറത്തായതോടെ പൊളിഞ്ഞിരുന്നു.

Warning to officials Strict action for govt file is leaked
Author
Thiruvananthapuram, First Published Aug 6, 2020, 7:19 AM IST

തിരുവനന്തപുരം: സർക്കാർ ഫയലുകളിലെ വിശദാംശങ്ങൾ ചോരുന്നത് തടയാൻ കർശന നടപടിയുമായി സർക്കാർ. ഉത്തരവുകൾ അടക്കം പുറത്തുപോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കി.

സർക്കാർ ഉത്തരവുകൾ പുറത്തുപോകുന്നത് തടയാൻ ഉദ്യോഗസ്ഥരോട് കണ്ണുരുട്ടി സർക്കാർ. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കണ്‍സൾട്ടൻസികളുമായി ബന്ധപ്പെട്ട നോട്ടുകളും, മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞ കരാർ നിയമനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടുകളും ചോർന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം തിരിച്ചടി ആയിരുന്നു. ഇതോടെയാണ് ചോർച്ച തടയാനുള്ള നടപടികൾ. രണ്ടാഴ്ചക്കകം കൊവിഡ് വ്യാപനം പിടിച്ചുകെട്ടണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്തും ഒടുവിൽ ചോർന്നിരുന്നു. എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കത്ത് നൽകി. 

മെയിൽ ഒഴിവാക്കി തിരിച്ചറിയാവുന്ന കോഡോടെ കത്തായിട്ടാണ് നിർദ്ദേശങ്ങൾ കൈമാറിയത്. വിവരങ്ങൾ പുറത്തുപോകരുതെന്ന് ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിടുന്ന ഫയലുകൾ പുറത്തുപോയാൽ കർശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫയലുകളും ഉത്തരവുകളും വാട്സാപ്പ് ഡോക്യുമെന്‍റായി മാധ്യമങ്ങൾ ലഭിച്ചക്കുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ തന്നെ പല വാദങ്ങൾ ഉത്തരവുകൾ പുറത്തായതോടെ പൊളിഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios