മാലിന്യം പുറത്തു കാണാതിരിക്കാൻ പടുത കൊണ്ട് മൂടിയിരിക്കുന്ന നിലയിലാണുള്ളത്.
കൊച്ചി: കലൂരിലെ കോര്‍പ്പറേഷൻ അറവുശാലയിലെ മാലിന്യം നീക്കം നിലച്ചു. പുഴുവരിക്കുന്ന അറവുശാല മാലിന്യം അറവുശാലയുടെ പുറകിലായി കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തു കാണാതിരിക്കാൻ പടുത കൊണ്ട് മൂടിയിരിക്കുന്ന നിലയിലാണുള്ളത്. സമീപത്തെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്.
കൊച്ചി നഗരത്തിൽ മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയായി. നഗരത്തിലെങ്ങും റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിൽ തീപിടിച്ചതോടെയാണ് നഗരത്തിലെ മാലിന്യനീക്കം നിലച്ചത്. വാഹനങ്ങൾ ഈ ഭാഗത്തേക്ക് കടത്തിവിടാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമായത്. ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭ പലവട്ടം ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ഒന്നും നടപ്പായില്ല.
ഇതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാർ മേയർ എം.അനിൽകുമാറിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തീപിടിത്തമുണ്ടായതിന് ശേഷം മേയർ കൗൺസിൽ യോഗത്തിനെത്തിയിട്ടില്ലെന്നും മാലിന്യനീക്കം പുനസ്ഥാപിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു.
