ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ബില്ല് അടയ്ക്കാം.. അദാലത്തില്‍ എത്തുന്നവര്‍ക്ക് കഴിയുന്നത്ര  പിഴ ഒഴിവാക്കി നല്‍കും

കുടിവെള്ള ബില്ലിന്റെ കുടിശിക അടച്ചു തീര്‍ക്കുന്നതിന് ജലവിഭവ വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 15 മുതല്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമ സഭയെ അറിയിച്ചു. 

ഗാര്‍ഹിക - ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ബില്ല് അടയ്ക്കാവുന്നതാണ്. അദാലത്തില്‍ എത്തുന്നവര്‍ക്ക് കഴിയുന്നത്ര ഫൈൻ ഒഴിവാക്കി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ തയാറാക്കുന്നതിന് വാട്ടര്‍ അതോറിറ്റി എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2064 കോടി രൂപയാണ് വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക. ഇതു ദൈനംദിന പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ചോര്‍ച്ച മൂലവും മറ്റും പലര്‍ക്കും വലിയ തുക ബില്ലായി ലഭിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ ഭാവിയില്‍ ഉപഭോക്താക്കള്‍ ശ്രദ്ധക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

വെള്ളം ഉപയോഗിക്കാത്ത സമയത്ത് മീറ്റര്‍ കറങ്ങുന്നുണ്ടോ എന്ന് ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിശോധിക്കുക മാത്രമാണ് അനാവശ്യ ബില്ലില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. ഇക്കാര്യം മുൻപ് മന്ത്രി ഉപഭോക്താക്കളോട് പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം അടക്കമുള്ളത് നടപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയും ശ്രമിക്കുന്നുണ്ട്. ഇതുവഴി റീചാര്‍ജ് ചെയ്ത നിശ്ചിത തുകയ്ക്കു ശേഷം വെള്ളം ഓട്ടോമാറ്റിക്കായി കട്ടാകുന്ന സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വീണ്ടും റീചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ജലം ലഭ്യമായി തുടങ്ങുകയും ചെയ്യും.

ജലജീവന്‍ മിഷന് പൊളിക്കുന്ന റോഡുകള്‍ വാട്ടര്‍ അതോറിറ്റി നന്നാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ജലജീവന്‍ മിഷനുവേണ്ടി പൊളിക്കുന്ന പഞ്ചായത്ത് റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നത് ഉള്‍പ്പെടെയാകും ഇനി കരാര്‍ നല്‍കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പറഞ്ഞു .പ്രൊഫ. എന്‍. ജയരാജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

ജലജീവന്‍ മിഷന്റെ മൂന്നാം ഘട്ടത്തില്‍ നല്‍കുന്ന കരാറില്‍ ഇതും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തുക മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജലവും റോഡും ജനങ്ങള്‍ക്ക് ഒരുപോലെ ആവശ്യമാണ്. റോഡുകള്‍ പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയും താനും ഉദ്യോഗസ്ഥരും രണ്ടു തവണ യോഗം ചേര്‍ന്നു. ഇരു വകുപ്പുകളും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് ചര്‍ച്ചയില്‍ തീരുമാനവും എടുത്തിരുന്നു. റോഡുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മിക്കുമ്പോള്‍ അതിലൂടെയുള്ള പൈപ്പുകള്‍ പഴയതാണെങ്കില്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു.