തിരുവനന്തപുരം: വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ജല അതോറിറ്റിയുടെ നഷ്ടം നികത്താൻ നിരക്ക് കൂട്ടേണ്ടിവരുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിലവിൽ പ്രതിവർഷം 600 കോടി രൂപ നഷ്ടത്തിലാണ് ജലഅതോറിറ്റി. വൈദ്യുതി നിരക്ക് കൂട്ടിയതോടെ നഷ്ടം 650 കോടി ആകുമെന്നാണ് വിലയിരുത്തൽ. ഇനി നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. എല്ലാവിഭാഗങ്ങളുടേയും നിരക്ക് കൂട്ടണമെന്നാണ് ജലഅതോറിറ്റിയുടെ ആവശ്യം. 

ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് കൂട്ടുന്നതിനോട് ഇതുവരെ യോജിപ്പില്ലായിരുന്ന സർക്കാറും പ്രതിസന്ധി രൂക്ഷമായതോടെ നിലപാട് മാറ്റുകയാണ്. നിലവിൽ ആയിരം ലിറ്റർ വെള്ളത്തിന് നാലു രൂപയാണ് ഈടാക്കുന്നത്. 2009-ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിന് ശേഷം നിരവധി തവണ നിരക്ക് കൂട്ടാൻ ജല അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിരുന്നില്ല.