അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.

തിരുവനന്തപുരം: നാലുദിവസം തലസ്ഥാന നഗരത്തിന് കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്‍റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.

കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്‍റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

ഇത്തരം പ്രധാന അറ്റകുറ്റപണികള്‍ നടത്തുന്നതിന് മുൻകൂട്ടി നഗരസഭയുടെ അനുമതി വാങ്ങണമെന്ന് യോഗത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. അരുവിക്കരയില്‍ നിന്ന് ആരംഭിക്കുന്ന ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈനില്‍ നിരവധി വാല്‍വുകള്‍ ഉണ്ട്. എന്നാല്‍, വര്‍ഷങ്ങളായി ഇത് ഉപയോഗിക്കാത്തതിനാല്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ചിലത് റോഡ് നിര്‍മാണത്തിനിടെ മൂടിപ്പോയി.

ഇതോടെയാണ് കിള്ളിപ്പാലം- ജഗതി റോഡിലെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയില്‍ നിന്നുളള പമ്പിങ് തന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നത്. ഫലത്തില്‍ നഗരം ഒന്നാകെ കുടിവെള്ളം മുട്ടി. പിടിപി നഗറില്‍ നിന്ന് ഐറാണിമുട്ടം ഭാഗത്തേക്കുള്ള ട്രാന്‍സ്മിഷന്‍ ലൈനില്‍ ഇനിയൊരു അറ്റകുറ്റപ്പണി വന്നാലും സമാനസാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മേയറും വികെ പ്രശാന്ത് എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ന​ഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കലക്ടർ

ഹാവൂ, ആശ്വാസമായി! തിരുവനന്തപുരം ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു, വെള്ളം എത്തിത്തുടങ്ങി

Asianet News Live | Malayalam News Live | Water Shortage | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്