Asianet News MalayalamAsianet News Malayalam

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു, സാഹചര്യം വിലയിരുത്താൻ യോഗം ചേർന്ന് കെഎസ്ഇബി

കനത്ത വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം എത്തിയതാണ് ഡാമിലെ ജലനിരപ്പ് താഴാത്തതിന് പിന്നിൽ. മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമിൽ അഞ്ചടിയിലധികം വെള്ളം കൂടി. 

Water level in Idukki dam is rising, KSEB convenes a meeting to assess the situation
Author
Thiruvananthapuram, First Published Jul 22, 2021, 12:23 PM IST

തിരുവനന്തപുരം: മഴ കനത്തതോടെ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം 14 അടി കൂടി ഉയർന്നാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. അണക്കെട്ട് തുറക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്താൻ കെഎസ്ഇബി ഓൺലൈനായി യോഗം ചേർന്നു. 2364.24 അടിയാണ് നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഡാമിൽ ഈ സമയത്തുണ്ടായിരുന്നതിനേക്കാൾ 32 അടി വെള്ളം കൂടുതലാണ്.

കേന്ദ്രജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് ജൂലൈ 31വരെ ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടി. അതായത് 14 അടി കൂടി വെള്ളം ഉയർന്ന് ജലനിരപ്പ് ഈ പരിധി പിന്നിട്ടാൽ മുൻകരുതൽ എന്ന നിലയിൽ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം.

കനത്ത വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം എത്തിയതാണ് ഡാമിലെ ജലനിരപ്പ് താഴാത്തതിന് പിന്നിൽ. മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമിൽ അഞ്ചടിയിലധികം വെള്ളം കൂടി. കൊവിഡ് നിമിത്തം സംസ്ഥാനത്തെ വൈദ്യുതോപയോഗത്തിൽ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ശരാശരി ഏഴര ദശലക്ഷം യൂണിറ്റാണ് നിലവിൽ മൂലമറ്റത്ത് നിന്നുള്ള പ്രതിദിന വൈദ്യുതോൽപാദനം. ആറ് ജനറേറ്ററുകളും പ്രവർത്തനക്ഷമമാണ്. 

ഈ സാഹചര്യത്തിൽ പരമാവധി വൈദ്യുതോൽപാദനം നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള സാധ്യതയും കെഎസ്ഇബി തേടുന്നുണ്ട്. ഇതുകൊണ്ടും മാറ്റമുണ്ടായില്ലെങ്കിൽ ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്താനാണ് കെഎസ്ഇബി ഓൺലൈനായി യോഗം ചേർന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

Follow Us:
Download App:
  • android
  • ios