തൃശ്ശൂര്‍: തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞതോടെ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുമെന്ന ആശങ്ക നിലവിൽ  വേണ്ടെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ മഴക്കെടുതിയിൽ ഇന്ന് രണ്ടു പേരാണ് മരിച്ചത്. മഴ അല്‍പനേരം വിട്ടു നിന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ്  ഉച്ചയ്ക്കു ശേഷം ഒന്നര മീറ്റർ കുറഞ്ഞിരുന്നു.

ചാലക്കുടി പുഴയുടെ ജല നിരപ്പ് കുറഞ്ഞെങ്കിലും പരിസര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വെട്ടുകടവ്,കൂടപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്  ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 700 ക്യാമ്പുകളിലായി ആകെ 5000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 

ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെ.എസ്.ഇ.ബി അസി. എൻജിനീയർ മുങ്ങിമരിച്ചു.  കെ.എസ്.ഇ.ബി വിയ്യൂർ ഓഫീസിലെ അസി. എൻജിനീയർ ബൈജു ആണ് മരിച്ചത്. പുതുക്കാട് ഒഴുക്കിൽ പെട്ട് നെടുമ്പാള്‍ സ്വദേശി രാമകൃഴ്ണൻ മരിച്ചു. 

ചെറുതുരുത്തിയില്‍ ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ  തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറന്നതിനെ തുടര്‍ന്ന് ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനാൽ ഇവിടേക്ക് വിനോദസഞ്ചാരികളെ വിലക്കി.