റാന്നി: പമ്പ അണക്കെട്ടിലെ ജല നിരപ്പ്  55 സെന്റീമീറ്റര്‍ താഴ്ന്നതോടെ പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലവും കുറഞ്ഞു. ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ അപകടകരമായി നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററില്‍ താഴെ എത്തിയാല്‍ നാല് ഷട്ടറുകള്‍ അടയ്ക്കും.  പമ്പയുടെയും കക്കാട്ടാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ 22 അംഗ എന്‍ഡിആര്‍എഫ് സംഘവും 30 മത്സ്യത്തൊഴിലാളികളെയും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്.