Asianet News MalayalamAsianet News Malayalam

വെള്ളക്കരം വർധന എഡിബിക്ക് വേണ്ടിയെന്ന് യുഡിഎഫ്; ആശങ്ക വേണ്ടെന്ന് മന്ത്രി, അടിയന്തിര പ്രമേയം തള്ളി

നോട്ടീസ് വന്നത് നന്നായെന്നും 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നതെന്നും  റോഷി അഗസ്റ്റിൻ പറഞ്ഞു.

Water tax hike discussion Kerala Assembly Minister asks Opposition support kgn
Author
First Published Feb 7, 2023, 10:26 AM IST

തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ച നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അഡ്വ എം വിൻസന്റ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്. എന്നാൽ വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിക്കുകയാണ് റോഷി അഗസ്റ്റിൻ ചെയ്തത്. വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

'ഒരു കുടുംബത്തിനല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍'; വിചിത്ര വാദത്തിൽ മന്ത്രി റോഷിയുടെ വിശദീകരണം

നോട്ടീസ് വന്നത് നന്നായെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. വെള്ളം കുറച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട സമയമായി. ബ്ലീച്ചിംഗ് പൗഡർ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.

മരണക്കിടക്കയിൽ കിടക്കുന്ന ആൾക്ക് കൊടുക്കാനുള്ള വെള്ളത്തിനും എംഎൽഎ മാർ കത്ത് നൽകേണ്ടി വരുമോ എന്ന് എം വിൻസന്റ് എംഎൽഎ ചോദിച്ചു. ആരാച്ചാർക് ഉള്ള ദയ പോലും സർക്കാരിനില്ല. 70 ലക്ഷം പേർക്ക് ഈ ചാർജ് വർദ്ധനവ് ബാധകമാകുന്നു. ഒരു പുതിയ സ്കീം പോലും വന്നിട്ടില്ല. പുതിയ പദ്ധതി ഇല്ല. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണ്. അടച്ചിട്ട വീടിന് നികുതി ഏർപ്പെടുത്തിയ പോലെ, കിട്ടാത്ത വെള്ളത്തിന് നികുതിയാണ്. സർകാർ വകുപ്പുകളാണ് കുടിശ്ശികയിൽ മുന്നിലെന്നും വിൻസന്റ് എംഎൽഎ ചൂണ്ടിക്കാട്ടി.

വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിക്കാത്ത വിഷയം: മന്ത്രി റോഷിക്കെതിരെ സ്പീക്കറുടെ റൂളിങ്

ചാർജ് വർധനവ് എഡിബിക്ക് വേണ്ടിയാണെന്ന് എം വിൻസന്റ് ആരോപിച്ചു. എഡിബിയെ കരി ഓയിൽ ഒഴിച്ച എൽഡിഎഫ് ആണ് ഇപ്പോൾ എഡിബിക്ക് വേണ്ടി കരം കൂട്ടിയത്. എഡിബി ലോൺ ബാധ്യത തീർക്കാൻ ആണ് ഈ ചാർജ് വർദ്ധനവ്. എഡിബി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. 27 ക്രമക്കേടുകൾ സി.ഐ.ടി.യു തന്നെ എഡിബി കരാറിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പദ്ധതികൾ, സ്കീമുകൾ, ജീവനക്കാർ എന്നിവയുടെ എണ്ണം കൂടിയിട്ടില്ല. മെയിന്റനൻസ് ചാർജ് മാത്രമാണ് അധികം വരുന്നതെന്നും എംഎൽഎ പറഞ്ഞു.


മരണക്കിടക്കയിൽ കിടക്കുന്ന ആളുടെ വെള്ളംകുടി ഈ സർക്കാർ മുട്ടിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അത്ര ക്രൂരമല്ല കരം കൂട്ടൽ. വെള്ളം കൊടുക്കുന്നതിൽ പിശുക്ക് കാണിക്കില്ല. 37,95,000 കണക്ഷനുകൾ കൂടി കൊടുക്കാൻ ഉണ്ട്. 1593 കോടി സർകാർ വകുപ്പുകൾ തരാൻ ഉണ്ട്. എന്നുവെച്ച് വെള്ളം കൊടുക്കാതിരിക്കാൻ പറ്റുമോ? 11 രൂപയാണ് ഉത്പാദന ചെലവും വരുമാനവും തമ്മിലുള്ള അന്തരം. ജനങ്ങൾ സഹകരിക്കണം. വെള്ളം കിട്ടാത്ത ഒരാള് പോലും ചാർജ് കൊടുക്കേണ്ട. ഭൂഗർഭ ജലം കുറയുന്നു, കടൽ ജലനിരപ്പ് ഉയരുന്നു. ശുദ്ധജലം ഉറപ്പാക്കാൻ ആണ് സർക്കാരിന്റെ ശ്രമം. വെള്ളക്കരം കൂട്ടലുമായി ബന്ധപ്പെട്ട് ഫോണിൽ ഇന്നലെ പരാതി വന്നു. എഡിബി ആശങ്ക വേണ്ട. വരുംകാല നിലനിൽപ്പിന് ഈ വർദ്ധനവ് അനിവാര്യമാണ്. 15,000 ലിറ്റർ വെള്ളം ബിപിഎൽ കുടുംബത്തിന് സൗജന്യമാണ്.  അതിൽ മാറ്റം ഇല്ല. നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റർ വെള്ളം വേണോയെന്നും മന്ത്രി പ്രതിപക്ഷത്തോട് കണക്ക് ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ മറുപടി

നികുതി ഈടാക്കൽ മനുഷ്യന്റെ അവസ്ഥ പരിഗണിച്ചാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സാമ്പത്തിക മാന്ദ്യ സ്ഥിതിയാണ്. എല്ലാ വീട്ടിലേക്കും ജപ്തി നോട്ടീസ് വരുന്നു. കടക്കെണിയിൽ ആണ് കേരളം. രൂക്ഷമായ വിലക്കയറ്റം ജനം നേരിടുന്നു. 4 അംഗങ്ങൾ ഉള്ളകുടുംബത്തിന് 4000 രൂപ വരെ ഒരു മാസം അധികം വേണ്ട സാഹചര്യമാണ്. എന്നാൽ വരുമാനം കൂടുന്നുമില്ല. നിങ്ങൾ ഇത് സാധാരണക്കാരുടെ കഷ്ടപ്പാട് കണക്കാക്കാതെ ഒറ്റ അടിക്ക് എല്ലാം കൂട്ടുന്നു. ബജറ്റിന് പിന്നാലെ വെള്ളക്കരം സഭ അറിയാതെ കൂട്ടിയത് ശരി അല്ല. സഭായോടുള്ള അനാദരവാണിത്. ഇന്ധന സെസ് കൂട്ടിയതിനു പിന്നാലെ എന്ത് ധൈര്യത്തിൽ ആണ് വെള്ളക്കരം കൂട്ടിയത്? വൈദ്യുതി ബോർഡ് ലാഭത്തിൽ എന്ന് പറയുമ്പോൾ ആണ് നിരക്ക് കൂട്ടിയത്. 142 രൂപ ബില്ല് കൊടുത്തിരുന്ന ആൾ 442 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്. ഒറ്റയടിക്ക് 300 രൂപ കൂട്ടിയിരിക്കുകയാണ്. പ്രയാസപ്പെടുന്ന ആളുകളുടെ കരണത്ത് മാറി മാറി അടിക്കുകയാണ് സർക്കാർ. കുടിശ്ശിക പിരിക്കുന്നതിൽ പരാജയപ്പെട്ടു. ആ ഭാരം ജനങ്ങൾക്ക് മേൽ വെച്ചു. 45% ആണ് വെള്ളത്തിന്റെ വിതരണ നഷ്ടം. റോഷി അഗസ്റ്റിൻ മാറി. എനിക്ക് അറിയാവുന്ന ഒരു റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. ഒന്നുകിൽ അപ്പുറത്തു പോയത് കൊണ്ട് മാറി അല്ലെങ്കിൽ മന്ത്രി ആയപ്പോൾ മാറി. ജനങ്ങളെ ശത്രുക്കളെ പോലെയാണ് സർക്കാർ കാണുന്നത്. 

Follow Us:
Download App:
  • android
  • ios