പത്തനംതിട്ട: വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ ജലസേചന പദ്ധതിയുടെ കനാലിൽ നിന്ന് വെള്ളം മോഷ്ടിച്ച് സ്വാശ്രയ കോളേജ്. പത്തനംതിട്ട അടൂരിലെ എസ്എന്‍ഐടി കോളേജാണ് കല്ലട ഇറിഗേഷൻ കനാലിൽ നിന്ന് വെള്ളം കടത്തുന്നത്.

വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാനായി രണ്ടാഴ്ച മുമ്പാണ് കല്ലട ഇറിഗേഷൻ കനാൽ തുറന്ന് വിട്ടത്. അന്ന് മുതൽ മുടങ്ങാതെ കൊടുമണിലെ ഉപകനാലിൽ നിന്ന് ലോറിയിൽ വെള്ളം കടത്തികൊണ്ട് പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്ഥലത്തെത്തിയത്. ലോറിയിൽ സ്ഥാപിച്ച ടാങ്കുകളിലേക്ക് മോട്ടോർ വച്ചാണ് വെള്ളം ശേഖരിച്ച് കൊണ്ട് പോകുന്നത്. അടൂരിലെ പ്രമുഖ സ്വാശ്രയ കോളേജായ എസ്എൻഐടിയിലേക്കാണ് വെള്ളം ലോറിയില്‍ കൊണ്ടുപോകുന്നത്. 

കോളേജിൽ നാല് കിണറുകളുള്ളപ്പോഴാണ് കർഷകർക്ക് കിട്ടേണ്ട വെള്ളം മോഷ്ടിക്കുന്നത്. ദിവസവും രണ്ട് തവണ കൊണ്ട് പോകാറുണ്ടെന്ന് വാഹന ഡ്രൈവർ പറയുന്നു. അതേസമയം വെള്ളം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പണം അടക്കാതെയും അനുമതി ഇല്ലാതെയും വെള്ളം കൊണ്ട് പോയതുസംബന്ധിച്ച് പരാതി നൽകുമെന്നും ഇറിഗേഷൻ അസിസ്റ്റന്‍റ് എൻജിനീയർ വ്യക്തമാക്കി. വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ ഈടാക്കുന്ന സ്വാശ്രയ കോളേജാണ് സർക്കാരിന് ചില്ലികാശ് നൽകാതെ വെള്ളം കടത്തികൊണ്ട് പോകുന്നത്.