കല്‍പ്പറ്റ: വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരിയില്‍ വെള്ളിയാഴ്ച ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൂടുതല്‍ ജാഗ്രത നടപടികളിലേക്ക് പോകാന്‍ വയനാട് ജില്ല ഭരണകൂടം തീരുമാനിച്ചു. 

കൊറോണ സ്ഥിരീകരിച്ച ആറുപേര്‍ എളനെല്ലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ഇവരെല്ലാം എളനെല്ലി, കേത്തി ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മറ്റൊരാള്‍ ഊട്ടി കാന്തലിലെ ഇന്ദിരനഗര്‍ സ്വദേശിയാണ്. ഇദേഹം പലവിധ ആവശ്യങ്ങള്‍ക്കായി ജില്ലക്കുപുറത്ത് നിരവധിതവണ യാത്രചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നീലഗിരിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി.

അതേസമയം ഒമ്പത് പൊലീസുകാര്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പൂട്ടി സീല്‍ചെയ്ത കൊലകൊമ്പ പൊലീസ് സ്റ്റേഷന്‍ തുറന്നു. വിശദ പരിശോധനയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. 

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കുടുക്കിയിലും താളൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ചുള്ളിയോടും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്ക് ഉത്തരവ് ബാധകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അനധികൃതമായി ആളുകള്‍ എത്തുന്നത് ജില്ലയില്‍ കൊവിഡ് ഭീഷണി വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.