വയനാട്: വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ കൊവിഡ് ആശങ്കയേറുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് പഞ്ചായത്തില്‍ ആശങ്ക സൃഷ്ടിച്ചത്. ആന്‍റിജൻ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 40 ഓളം പേർക്ക് പനി ലക്ഷണമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ആളുടെ സംസ്കാര ചടങ്ങിനെത്തിയവരിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരിൽ പലരും സമീപത്തെ വിവാഹ ചടങ്ങിലും പങ്കെടുത്തു. ഇതോടെ കൂടുതൽ പേരുടെ ആൻ്റിജൻ പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചു.

ജില്ലയില്‍ ഇന്നലെ 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 89 പേരിൽ ആന്‍റിജൻ പരിശോധന നടത്തിയതിൽ 15 പേർ പൊസീറ്റീവ് ആയി. ഇതിൽ 4 പേർ കണ്ണൂർ സ്വദേശികളാണ്. ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർ, കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ, ചികിത്സയിലുള്ള അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയുടെ  മൂന്ന് വയസ്സുള്ള മകൾ,  തുടങ്ങിയവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ബത്തേരിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരുടെ സമ്പർക്കപട്ടികയിൽ 300 ൽ അധികം ആളുകളുണ്ട്.