വയനാട്: പ്രവർത്തന മികവിന് രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളയും. 12 കലക്ടർമാർ ഉൾപ്പെടുന്ന പട്ടികയിലാണ്  വയനാട് ജില്ലാ കലക്ടർ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് 5 പേർ പട്ടികയിൽ ഇടം നേടി.

മുൻഗണനാ മേഖലയിലെ  സമഗ്ര വികസന  പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാര പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ വിവിധ ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള ചുരുക്കപ്പട്ടികയിൽ 12 പേരാണുള്ളത്. വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള അറാമതായാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.  

കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നും രണ്ട് പേർ വീതവും പട്ടികയിലുണ്ട്. പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള മൂല്യനിർണയം സെപ്തംബർ 11ന് നടക്കും. പ്രവർത്തന നേട്ടങ്ങളെ അസ്പദമാക്കി ജില്ലാ കലക്ടർമാർ 15 മിനിട്ട് ദൈർഘ്യം വരുന്ന പവർ പോയിന്‍റ് പ്രസന്‍റേഷൻ നടത്തണം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല അബ്ദുള്ള. 2019 നവംബറിലാണ് വയനാട് ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്. 

വയനാടിനുള്ള അംഗീകാരമായി പുരസ്കാര പട്ടികയിൽ ഇടം പിടിച്ചതിനെ കാണുന്നുവെന്ന് ഡോ അദീല അബ്ദുള്ള  പറഞ്ഞു. കാർഷിക മേഖലയിൽ കൂടുതൽ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവർത്തനങ്ങളും പട്ടികയിൽ  ഇടം പിടിക്കാൻ ഡോ അദീല അബ്ദുള്ളക്ക് സഹായകരമായി.