കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിന്‍റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത തരാമെന്നും കരാറിലുണ്ടെന്നും പത്മജ പറഞ്ഞു.
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ. വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാര്‍ പ്രകാരം ഇനി അഞ്ചു ലക്ഷം രൂപ തരാനുണ്ട്. ഇതിനുപുറമെ വീടിന്‍റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത തരാമെന്നും കരാറിലുണ്ട്.
വായ്പയെടുത്താണ് ബിസിനസ് തുടങ്ങിയത്. അതിനായി കോണ്‍ഗ്രസ് തന്ന പണം ഉപയോഗിച്ചിട്ടില്ല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറയുന്നത് കരാര്‍ ഇല്ലെന്നാണ് സിദ്ദീഖ് എംഎൽഎ പറയുന്നത് കരാര്‍ ഉണ്ടെന്നാണ്. ഇരുവരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇക്കാര്യത്തിൽ ആദ്യം അവര്‍ വ്യക്തത വരുത്തട്ടെ. കരാറിലൂടെ നൽകിയ വാഗ്ദാനം പാലിച്ചില്ല. ഉപസമിതിയിൽ പെട്ടുപോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ഇനി വിശ്വസിക്കുന്നില്ല. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. നിരാഹാര സമരം നടത്താനും ആലോചിക്കുന്നുവെന്നും പത്മജ പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കരാര്‍ പഠിക്കാൻ വേണ്ടി കൊണ്ടുപോയെന്നാണ് പറഞ്ഞത്. തങ്ങള്‍ അറിയാതെ കരാര്‍ മാറ്റി. അത് ചോദിച്ചപ്പോള്‍ രോഷത്തോടെയാണ് നേതാക്കള്‍ പ്രതികരിച്ചതെന്നും പത്മജ പറഞ്ഞു.
പണം നൽകാനുള്ളവര്‍ തുടര്‍ച്ചയായി വിളിക്കുന്നുവെന്ന് എൻഎം വിജയന്‍റെ മകൻ വിജേഷ്
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് എൻഎം വിജയന്‍റെ മകൻ വിജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക പ്രയാസത്തിലെ മനോവിഷമത്തെ തുടർന്നാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 20 ലക്ഷം രൂപയും അഹല്യ ഫിനാൻസിലെ ലോണും തീർത്തു. എന്നാൽ, വീടും സ്ഥലവും എടുത്തു തരാം എന്ന കരാർ കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ല. പണം നൽകാനുള്ളവരൊക്കെ തുടർച്ചയായി വിളിക്കുകയാണ്. ഒരു നേതാക്കളും ഫോൺ വിളിച്ചാൽ എടുക്കാറില്ല. ഇനി പറയുന്ന വാഗ്ദാനങ്ങളിൽ വിശ്വാസമില്ല. കോൺഗ്രസ് നേതാക്കളെ കാണാൻ ശ്രമിക്കുമെന്നും വിജേഷ് പറഞ്ഞു.
കടുത്ത പ്രതിരോധത്തിലായി വയനാട് കോണ്‍ഗ്രസ്
പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലാണ് വയനാട് കോൺഗ്രസ്. തമ്മിലടിയും തുടർ മരണങ്ങളും ഉണ്ടായിട്ടും നേതൃത്വം ഇടപെടൽ നടത്തിയില്ല. വിവാദങ്ങളെ കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ അഞ്ച് നേതാക്കളാണ് മരിച്ചത്. വയനാട്ടില്‍ ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇന്നലെയാണ്. കൈഞരമ്പ് മുറിച്ച ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്മജയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ്സിപിഎം. ഇന്നലെ ബത്തേരിയിലും ടി സിദ്ദീഖ് എംഎൽഎയുടെ ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള ധാരണകളിൽ നിന്ന് ഒഴിവാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു ടി സിദ്ദീഖിന്‍റെ പ്രതികരണം.



