Asianet News MalayalamAsianet News Malayalam

താത്കാലം ഓടാനുള്ള ഡീസലെത്തി; വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല

ഡീസൽ ക്ഷാമം മൂലം വയനാട് ജില്ലയിലെ സർവീസുകൾ ഇന്ന് വെട്ടിചുരുക്കിയിരുന്നു.

wayanad KSRTC to run all services from tomorrow
Author
Wayanad, First Published Aug 5, 2022, 9:06 PM IST

കൽപ്പറ്റ: വയനാട് ജില്ലയിലെ സർവീസുകൾ നാളെ മുടങ്ങില്ലെന്ന് കെ.എസ്.ആർ.ടി (KSRTC)  അറിയിച്ചു. ഡീസൽ ക്ഷാമം നേരിട്ട കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ ഇന്ന് ഡീസൽ എത്തിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ട അവസ്ഥ ഒഴിവായത്. ഡീസൽ ക്ഷാമം മൂലം വയനാട് ജില്ലയിലെ സർവീസുകൾ ഇന്നലെ വെട്ടിചുരുക്കിയിരുന്നു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നാളെ ഭൂരിഭാഗം ഓര്‍ഡിനറി ബസ്സുകളും നിരത്തിലിറങ്ങില്ലെന്നാണ് വിവരം. ഇന്ന് 50 ശതമാനം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നാളെ ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും ഉണ്ടായേക്കില്ല. ലാഭകരമായി സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഉള്‍നാടുകളില്‍ സര്‍വീസ് നടത്തുന്നവയാണ് ഓര്‍ഡിനറി ബസ്സുകളില്‍ കൂടുതലും  എന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമുള്ള നാട്ടിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാകും. 

ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിനാല്‍ ഡീസലടിക്കാന്‍ പണമില്ലെന്നാണ് മാനേജ്മെന്‍റിന്‍രെ വിശദീകരണം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സാധാരണ നിലയില്‍ ബസ്സുകള്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു. 

കെ എസ് ആർ ടി സി യിലേത് കൃത്രിമ ഡീസൽ ക്ഷാമമാണെന്നും, ജീവനക്കാരെ വെച്ച് വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്മെൻ്റ് ശ്രമിക്കുന്നതെന്നും കെഎസ്ആര്‍ടിഇഎ വർക്കിംഗ് പ്രസിഡൻറ് സി.കെ.ഹരികൃഷ്ണൻ പറഞ്ഞു.  കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനേജ്മെന്‍റ് ശമ്പള വിതരണം മനപൂർവ്വം താമസിപ്പിക്കുകയാണ്.  സർവ്വീസ് മുടക്കി ജനങ്ങളെ തെരുവിലിറക്കാനാണ് പുതിയ ശ്രമം. ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള ഡീസൽ ക്ഷാമം മാനേജ്മെൻ്റ് കുതന്ത്രത്തിൻ്റെ ഉൽപ്പന്നമാണെന്നും ഇടതനുസകൂല സംഘടനായ കെഎസ്ആര്‍ടിഇഎ ആരോപിച്ചു. 

കൊല്ലം ജില്ലയിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ ഇന്ന് ഡീസൽക്ഷാമമുണ്ടായി. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് 37 ഓർഡിനറി ബസ്സുകൾ രാവിലെ സർവീസ് നടത്തിയില്ല. ഇതോടെ കൊട്ടാരക്കരയിൽ നിന്ന് കൊല്ലം, പുനലൂർ, പത്തനാപുരം, അടൂർ, ആയൂർ പാരിപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള ചെയിൻ സർവീസുകൾ മുടങ്ങി. വിദ്യാർത്ഥികളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് അധികം ബസ് സർവീസുകൾ നടത്തി. നിലവിൽ 70 ശതമാനം ബസ്സുകളാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്.

 

Follow Us:
Download App:
  • android
  • ios