വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് അതിഥി തൊഴിലാളികൾ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും ആറ് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ നിന്ന് അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വയനാട്: വയനാട് കള്ളാടിയിൽ നാല് പേരുടെ മരണത്തിനിടെയാക്കിയ മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിലില്‍ നിന്ന് അഞ്ച് പേര്‍ തലനാരിഴ്ക്ക് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. 

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പേരുവിവരങ്ങൾ:

1. ഹിര കുമാർ

2. ദിലീപ്

3. സൂരജ് യാദവ്

4. സഞ്‌ജയ് താക്കൂർ

5. രജനീഷ്

6. തന്മയ് ഘോഷ്

7. കൂപമാൽ

8. കുഞ്ചു

9. സന്തോഷ് കുമാർ

YouTube video player