'എന്റെ കടയിൽ വന്നവരില്‍ 80 ശതമാനം പേരും ഇന്നില്ല, എല്ലാവരും പോയി, അവരൊന്നും ഇനി വരില്ല'; നെഞ്ചുലഞ്ഞ് ഷമീർ
ചൂരൽമലയിലെ പലചരക്കുവ്യാപാരിയായ ഷമീറിന് പ്രിയപ്പെട്ടവരെല്ലാം ഇനി കണ്ണീരോർമകളാണ്.
കൽപറ്റ: ''ഇവരൊക്കെ ഇന്നലെ കടയിൽ വന്ന് സാധനങ്ങൾ വാങ്ങിച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഇയാളുടെ കുടുംബത്തിലെ 11 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 4 പേരാണ് പോയത്.'' ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ തലേദിവസം തന്റെ കടയിലെത്തി സാധനങ്ങൾ വാങ്ങിയ ഓരോരുത്തരെയും മൊബൈലിൽ കാണിച്ചു തരികയാണ് ചൂരൽമല പ്രദേശവാസിയായ ഷമീർ.
''കുഞ്ഞിന്റെ ബർത്ത്ഡേക്ക് പാലും പഞ്ചസാരയും വാങ്ങിച്ചിട്ട് പോയതാണ് നസീറിക്ക. രാവിലെ എണീറ്റപ്പോഴാണ് നസീറിക്കയും കുടുംബവും മിസ്സിംഗ് ആണെന്നറിയുന്നത്. മോഹനേട്ടന്റെ വൈഫും, ശിവണ്ണനും കുടുംബവും എല്ലാവരും പോയി. പിന്നെയെനിക്ക് സിസിടിവി നോക്കാൻ തോന്നിയില്ല. ഇന്നലെ കണ്ട മുഖങ്ങളൊന്നും ജീവനോടെ ഇല്ല എന്നെനിക്ക് വ്യക്തമായി. മിനിയാന്ന് കടയില് വന്ന എൺപത് ശതമാനം പേരും ഇനി എന്റെ കടയിലേക്ക് തിരിച്ചുവരില്ലെന്ന് എനിക്ക് ഉറപ്പായി. മുണ്ടക്കൈയിലെ മുസ്തഫാക്ക കുഞ്ഞിനെയും കൊണ്ട് വന്ന് മിഠായി വാങ്ങിച്ചിട്ട് പോയതാണ്.'' ചൂരൽമലയിലെ പലചരക്കുവ്യാപാരിയായ ഷമീറിന് പ്രിയപ്പെട്ടവരെല്ലാം ഇനി കണ്ണീരോർമകളാണ്.
മക്കൾ പഠിച്ച സ്കൂളാണിതെന്ന് വെള്ളാർമല സ്കൂളിനെ ചൂണ്ടി ഷമീർ പറഞ്ഞു. ഈ സ്കൂളിലെ 22 കുട്ടികളാണ് മരിച്ചു പോയത്. സ്വന്തമായുണ്ടായിരുന്ന 2 കടകളിലും ചെളിവെളളം കയറി നാശമായിരിക്കുകയാണ്. ഈ നാടിനെക്കുറിച്ചും ഇവിടുത്തെ ആളുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആൾ കൂടിയാണ് ഷമീർ. അതുകൊണ്ട് തന്നെ എല്ലാദിവസവും രാവിലെ ഷമീർ ചൂരൽമലയിലെത്തും. ഇനി കട തുറക്കാനുളള മാനസികാവസ്ഥയിലല്ലെന്നും പറയുന്നു ഷമീർ. നീക്കിയിരിപ്പൊന്നും ബാക്കിയില്ല. കഴിഞ്ഞ പ്രളയത്തിൽ നിരവധി കടകളിൽ വെളളം കയറിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ല. വ്യാപാരി വ്യവസായി സമിതിയിലാണ് പ്രതീക്ഷയെന്നും ഷമീർ പറഞ്ഞു.