'നോക്കിനിൽക്കെയാണ് മകന്‍റെ ദേഹത്തേക്ക് വീട് വീണത്, 8 മണിക്കൂറോളം മകനെ തിരഞ്ഞു'; അരുണിൻ്റെ അമ്മ
നദിയിൽ ചെളിയിൽ പുതഞ്ഞ് നിൽക്കുന്നയാൾ മകനാണെന്ന് മനസിലായില്ല. മകൻ്റെ ജീവൻ തിരിച്ച് കിട്ടിയ സമാധാനത്തിലാണ് കഴിയുന്നതെന്നും അരുണിൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വയനാട്: വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പെട്ടലിൽ നോക്കി നിൽക്കെയാണ് മകന്‍റെ ദേഹത്തേക്ക് വീട് തകർന്ന് വീണതെന്ന് അരുണിൻ്റെ അമ്മ ഭാർഗവി. എട്ട് മണിക്കൂറിലേറെ നേരം മകനെ കണ്ടെത്താൻ അലച്ചിലായിരുന്നു. നദിയിൽ ചെളിയിൽ പുതഞ്ഞ് നിൽക്കുന്നയാൾ അരുണാണെന്ന് മനസിലായില്ല. മകൻ്റെ ജീവൻ തിരിച്ച് കിട്ടിയ സമാധാനത്തിലാണ് കഴിയുന്നതെന്നും അരുണിൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാലിലെ ഗുരുതര പരിക്കിനാണ് ചികിത്സയിൽ കഴിയുകയാണ് ഭാർഗവി.
ഉരുൾപ്പെട്ടലിലെ അതിജീവനത്തിൻ്റെ പ്രതീകമായി മാറുകയാണ് അരുൺ. ഉരുൾപ്പൊട്ടി കുതിച്ചെത്തിയ മൺകൂനയിലും ചെളിയിലും പുതഞ്ഞ് കഴുത്ത് മാത്രം പുറത്തേക്കിട്ട് മണിക്കൂറുകളോളമാണ് മരണത്തെ മുന്നിൽ കണ്ട് അരുൺ നിന്നത്. രക്ഷാപ്രവർത്തകർ ഏറെ ശ്രമകരമായി രക്ഷപ്പെടുത്തിയ അരുണ്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുകാലിനും ദേഹമാസകലവും മുറിവേറ്റതിനാൽ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. ചെളിയിൽ മൂടി നിൽക്കുന്ന സമയത്ത് ശ്വാസം എടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു. തോറ്റു കൊടുക്കരുതെന്ന് മാത്രം മനസിലുറപ്പിച്ച് മനസൊരുക്കിയാണ് പിടിച്ച് നിന്നവെന്നും അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെളിക്കൂനിയിൽ ജീവനും കയ്യിലൊതുക്കി തലമാത്രം പുറത്ത് കാണുന്ന രീതിയിലുളള അരുണിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. വളരെ ശ്രമപ്പെട്ടാണ് ഫയർഫോഴ്സ് സംഘം അരുണിനെ രക്ഷപ്പെടുത്തിയത്.