കമ്പളക്കാട് നിന്ന് കരണിയിലേക്കുള്ള പാതയിൽ കുമ്പളാട് എന്ന സ്ഥലത്ത് 20 സെൻ്റ് ഭൂമിയാണ് ദുരിതബാധിതർക്കായി വാഗ്ദാനം ചെയ്തത്
തൃശ്ശൂർ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിര്‍മ്മിക്കാൻ മേപ്പാടിക്കടുത്ത് കമ്പളക്കാട് ഭൂമി വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ജീവനക്കാരി. വയനാട് സ്വദേശിയും തൃശ്ശൂരിൽ താമസക്കാരിയുമായ അജിഷ ഹരിദാസാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ പരിപാടിയിൽ 20 സെൻ്റ് ഭൂമി വാഗ്ദാനം ചെയ്തത്. ധനമന്ത്രി കെഎൻ ബാലഗോപാൽ പരിപാടിയിൽ തത്സമയം പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അജിഷ ഇക്കാര്യം അറിയിച്ചത്. വാഗ്ദാനത്തിൽ ധനമന്ത്രി നന്ദി പറഞ്ഞു.
വയനാട് കോട്ടത്തറ സ്വദേശിയാണ് അജിഷ. വിവാഹം കഴിച്ച് തൃശ്ശൂരിലാണ് ഇവർ താമസിക്കുന്നത്. മുൻപ് മേപ്പാടി കൃഷി ഭവനിൽ ഇവർ ജോലി ചെയ്തിരുന്നു. ദുരന്ത മേഖല നേരിട്ട് അറിയാമെന്നും ഇപ്പോഴത്തെ ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും അവർ പറഞ്ഞു. അച്ഛനും അമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി വീടുണ്ടായിരുന്നില്ല. അവർക്ക് താമസിക്കാനായാണ് തൻ്റെ വിവാഹം കഴിഞ്ഞ് 2 വർഷത്തിന് ശേഷം ഒരു വീട് നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ കമ്പളക്കാട് കുമ്പളാട് എന്ന സ്ഥലത്ത് 20 സെൻ്റ് ഭൂമി വാങ്ങിയത്. ഇപ്പോൾ അനിയൻ വലുതായി സ്വന്തമായി വീട് വച്ചു. അച്ഛനും അമ്മയും ഇപ്പോൾ താമസിക്കുന്നത് അനിയനൊപ്പമാണ്. നേരത്തെ വാങ്ങിയ സ്ഥലം അവിടെ തന്നെയുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീട് വച്ച് നൽകുന്ന ഉദ്യമത്തിന് ഈ ഭൂമി ഉപയോഗിക്കാമെന്നും അവർ പറഞ്ഞു. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയുടെ ഈവനിംഗ് ബ്രാഞ്ചിൽ സ്പെഷൽ ഗ്രേഡ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ് അജിഷ.
