മുണ്ടക്കൈയിൽ 16 കുട്ടികളും വെള്ളാർ മലയിൽ 49 കുട്ടികളുമാണ് പുതിയതായി പഠിക്കാനായി എത്തിയത്. 

തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ നേരിട്ട വെള്ളാർമല സ്കൂളിലും മുണ്ടക്കൈ എൽപി സ്കൂളിലും ആഘോഷത്തോടെ പ്രവേശനോത്സവം. മുണ്ടക്കൈയിൽ 16 കുട്ടികളും വെള്ളാർ മലയിൽ 49 കുട്ടികളുമാണ് പുതിയതായി പഠിക്കാനായി എത്തിയത്.

അവധിക്കാലത്ത് രണ്ട് മാസത്തോളം കാണാതിരുന്ന കൂട്ടുകാരെയും പ്രിയപ്പെട്ട അധ്യാപകരെയും വീണ്ടും കണ്ടതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ. ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച ക്ലാസ് മുറികളിൽ പഠിക്കാൻ ആയതിന്റെ സന്തോഷം വെള്ളാർ മലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുമുണ്ടായിരുന്നു. വെള്ളാർമല സ്കൂളിലെ തങ്ങളുടെ പ്രിയപ്പെട്ട പാട്ടുപാടി വിദ്യാർത്ഥികൾ ആദ്യ ദിവസം ആഘോഷമാക്കി. ഇത്തവണ നാലാം ക്ലാസ്സിലെ പുതിയ പുസ്തകത്തിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ മുൻനിർത്തി അതിജീവനം എന്ന പാഠഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുണ്ടക്കൈ സ്കൂളിലെ അധ്യാപികയായ ശാലിനി തങ്കച്ചനും പുസ്തക രചനയിൽ ഭാഗമായിരുന്നു. സന്നദ്ധ സംഘടനയായ കൃപയാണ് വെള്ളാർ മലയിലെയും മുണ്ടക്കൈയിലേയും മേപ്പാടിയിലെയും വിദ്യാർത്ഥികൾക്ക് ബാഗും പഠനോപകരണങ്ങളും നൽകിയത്.

അമ്മ പഠിച്ച സ്കൂളിൽ അവ്യക്തും, സ്വീകരണമൊരുക്കി പാലക്കാട് മുണ്ടൂർ സ്കൂൾ 

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട അവ്യക്തിന് സ്വീകരണമൊരുക്കി പാലക്കാട് മുണ്ടൂർ സ്കൂൾ അധികൃതർ. പ്രവേശനോത്സവത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥിയെ വാദ്യമേളങ്ങളുടെയാണ് പാലക്കാട് മുണ്ടൂർ സ്കൂൾ സ്വീകരിച്ചത്. ഹാളിലെത്തിയ അവ്യക്തിന് മധുരം നൽകിയത് സ്കൂളിലെ കുട്ടി റോബോട്ടാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അവ്യക്തിന് അച്ഛനെയും അനിയത്തിയും നഷ്ടപ്പെട്ടിരുന്നു. അമ്മ രമ്യയുടെ വീട് പാലക്കാട് ആണ്. രമ്യ പഠിച്ച അതേ സ്കൂളിലാണ് അവ്യക്ത് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. അവ്യക്തിനെയും അമ്മ രമ്യയെയും തനിച്ചാക്കിയാണ് അച്ഛൻ മഹേഷിനെയും അനിയത്തി ആരാധ്യയെയും ഉരുളെടുത്തത്. ഭർത്താവും മകളും ഭർത്താവിൻ്റെ മാതാപിതാക്കളും നഷ്ടപ്പെട്ട രമ്യ പാലക്കാട്ടെ വീട്ടിലാണ് താമസിക്കുന്നത്.

YouTube video player