'ദുരന്തസ്ഥലത്ത് നിന്ന് 10 കി.മീ ദൂരെയാണ് കരിങ്കൽ ക്വാറി'; കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെതിരെ ശശീന്ദ്രൻ
ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കത്തയച്ചു. ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ് അവിടെ താമസിച്ച് വന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല. ദുരന്തസ്ഥലത്ത് നിന്നും 10 കിലോമീറ്ററിലേറെ ദൂരെയാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ ഇത് നിരാകരിക്കുകയാണെന്നും മന്ത്രി കത്തിൽ പറയുന്നു.
ദുരിതബാധിതർക്ക് ഉടനടി ആശ്വാസം നൽകുന്നതിനും സുസ്ഥിരമായ പരിഹാര ശ്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനും ഉള്ള സമയമാണിത്. ഈ ദുർബല സമൂഹത്തെ അവരുടെ കഷ്ടപാടുകൾക്കിടയിൽ കുറ്റപ്പെടുത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സമഗ്രമായ പരിസ്ഥിതി നയങ്ങൾ, ശക്തമായ ദുരന്ത നിവാരണ പദ്ധതികൾ, പരിസ്ഥിതിയെയും പ്രദേശ വാസികളുടെ അവകാശങ്ങളെയും മാനിക്കുന്ന തരത്തിലുള്ള വികസനപദ്ധതികൾ തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നാം ചെയ്യേണ്ടത്. ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി.
കേന്ദ്രമന്ത്രിയുടെ നിലപാട് പുനപരിശോധിച്ച് പ്രസ്താവന പിൻവലിക്കണമെന്നും ഈ ദുരന്തസമയത്ത് വയനാട്ടിലെ ജനങ്ങളെ പിന്തുണയ്ക്കണമെന്നും ഇത്തരം ദുരന്തങ്ങളെ നേരിടാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിൽ ക്രിയാത്മകമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം