കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.  

കൽപ്പറ്റ: വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും. 

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിർമ്മാണം തുടങ്ങും. ബെംഗളൂരുവിൽ നിന്ന് നാളെ പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. അതിനായി ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. പാലം നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം ദില്ലിയിൽ നിന്ന് മൂന്ന് സ്നിഫർ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്നിഫർ ഡോഗുകളെ എത്തിക്കുന്നത്. 

മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലിൽ ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 119 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകൾ അകലെ നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുൾ പൊട്ടൽ. പുലർച്ചെ 4.10 ന് രണ്ടാമതും ഉരുൾ പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാർമല സ്കൂൾ തകർന്നു. മുണ്ടക്കൈയിൽ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി. ആകാശ മാർഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം നടന്നില്ല. വടം കെട്ടിയാണ് മറുകരയിലുണ്ടായിരുന്ന ചൂരൽ മലയിൽ എത്തിച്ചത്. വൈകീട്ട് സേന ഹെലികോപ്ടർ ചൂരൽ മലയിലെത്തിച്ചു. സ്ഥലത്ത് സൈന്യം താൽക്കാലിക പാലം നിർമിക്കും. എന്നാൽ രാത്രിയിൽ രക്ഷാപ്രവർത്തനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

സഹായം ആവശ്യപ്പെട്ട് സൈന്യത്തിന്റെ കൺട്രോൾ റൂമിൽ വിളിക്കാം - 04952933025
കർണാടക - കേരള സബ് ഏരിയ ആസ്ഥാനമായ ബെംഗളൂരുവിലും കൺട്രോൾ റൂം തുറന്നു- 08025591999

'അന്ന് നാം ഒറ്റക്കെട്ടായി, വയനാടിനായി ഒരുമിച്ച് ഇറങ്ങണം, ദുരന്തത്തിൽപെട്ടവരെ കൈപിടിച്ചുയർത്തണം': മുഖ്യമന്ത്രി

https://www.youtube.com/watch?v=VpEWoT6yjnQ&t=1s