വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്ന സമയം സംബന്ധിച്ച് പൊലീസ് വാദം തള്ളി ആദിവാസികൾ. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറയുമ്പോൾ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നെന്ന്  സമീപത്തെ കോളനിയിലുള്ളവർ പറയുന്നു. വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷം  സംശയം പ്രകടിപ്പിക്കുമ്പോൾ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം  തുടരുകയാണ്.

ബപ്പന മലയുടെ മധ്യഭാഗത്ത് കാട്ടു പാതയോട് ചേർന്നാണ് വേൽമുരുകന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകൾ ഇവിടെ ക്യാംപ് ചെയ്തിരുന്നില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോൾ  തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽ പെടുകയായിരുന്നു എന്നുമാണ് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി വിശദീകരിച്ചത്. ഒൻപത് മണിയോടെ ആദ്യം മാവോയിസ്റ്റ് സംഘം വെടിവച്ചെന്നും തിരിച്ചടിയിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടതെന്നും  എസ്പി പറയുന്നു. എന്നാൽ രാവിലെ ആറയ്ക്കും ഏഴിനും ഇടയിൽ തുടരെയുള്ള വെടിയൊച്ച കാട്ടിൽ നിന്ന് കേട്ടു എന്നാണ് തൊട്ടടുത്തുള്ള ബപ്പനംകുന്ന് അംബേദ്കർ കോളനിയിലെ ആദിവാസികൾ പറയുന്നത്.

പ്രദേശത്തെ റിസോർട്ടിൽ ആരെങ്കിലും പടക്കം പൊട്ടിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസിയായ ബാബു പറയുന്നു. മലയുടെ മറ്റൊരു വശത്തുള്ള കോളനിയിലുള്ളവരും ഏഴ്മണിയോടെ വെടിവയ്പ്പ് ശബ്ദം കേട്ടെന്ന് പറയുന്നു.

മാവോയിസ്റ്റുകൾ ബപ്പന മലയിലുണ്ടെന്നകാര്യം  ദിവസങ്ങൾക്ക് മുമ്പേ പൊലീസ് അറിഞ്ഞിരുന്നെന്നും ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് കാട്ടിലേക്ക് കയറി ഏറ്റുമുട്ടൽ നടത്തുകയായിരുന്നു എന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് വെടി വച്ച സമയം സംബന്ധിച്ചും വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്.