വയനാട്: വയനാട് ബാണാസുര വാളാരംകുന്നിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുഗന്‍റെ മൃതദേഹം സ്വദേശമായ തേനി പെരിയകുളത്ത് സംസ്കരിച്ചു. മാവോയിസ്റ്റ് അനുകൂലികളും മനുഷ്യാവകാശ പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം പുലർച്ചെയാണ് വേൽമുരുഗന്‍റെ മൃതദേഹം സ്വദേശമായ പെരിയകുളത്ത് എത്തിച്ചത്. അന്ത്യോപചാരം അർപ്പിക്കാൻ കേരളത്തിൽ നിന്നുൾപ്പെടെ നിരവധി മാവോയിസ്റ്റ് അനുകൂലികളും മനുഷ്യാവകാശ പ്രവർത്തകരും വീട്ടിലെത്തിയിരുന്നു. വേൽമുരുഗന്‍റെ ശരീരത്തിൽ പത്തിലധികം വെടിയുണ്ടകൾ ഏറ്റിട്ടുണ്ടെന്നാണ് എക്സ്റേയിലും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഉള്ളത്. 

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ബാലിസ്റ്റിക്, ഫോറൻസിക് സംഘത്തിന്‍റെ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അരമണിക്കൂറോളം വെടിവെയ്പ്പുണ്ടായെന്നത് ശരിവെക്കും വിധം പ്രദേശത്തെ മരങ്ങളിലടക്കം വ്യാപകമായി വെടിയുണ്ട ഏറ്റതിന്‍റെ പാടുകളുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണ നടക്കുന്നത്. 

അതേ സമയം ഏറ്റുമുട്ടൽ വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് മുൻ അനുഭവം ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റുമുട്ടൽ സമയം സംബന്ധിച്ച് പൊലീസ് വാദത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. പുലർച്ചെ തന്നെ പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മാവോയിസ്റ്റുകൾക്കായി മേഖലയിൽ ഇപ്പോഴും തണ്ടർ ബോൾട്ടിന്‍റെ തെരച്ചിൽ പുരോഗമിക്കുകയാണ്.