കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി പറയുന്നു. ഇതിന് ശേഷം വിഷ്ണുപ്രിയ എവിടെയെന്ന് മാത്രം ആർക്കും അറിവില്ല. കുടുംബത്തേയോ കുട്ടുകാരേയോ ബന്ധപ്പെട്ടിട്ടുമില്ല
വയനാട്: വയനാട് കാക്കവയൽ സ്വദേശിയായ 17 കാരിയെ കാണാതായതായി ബന്ധുക്കൾ പരാതി നൽകി. മീനങ്ങാടി കാക്കവയൽ തൊഴുത്തും പറമ്പിൽ ശിവജിയുടെയും ബിന്ദുവിന്റെയും മകൾ വിഷ്ണുപ്രിയയെയാണ് കാണാതായത്. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
28ന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയ എവിടെയെന്ന് മാത്രം ആർക്കും അറിവില്ല. കുടുംബത്തേയോ കുട്ടുകാരേയോ ബന്ധപ്പെട്ടിട്ടുമില്ല.
കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛൻ ശിവജി തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേയ്സ്ബുക്കിൽ കുറിപ്പിട്ടത്
പോസ്റ്റ് വൈറലായതോടെ നിരവധി പേർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും വിഷ്ണുപ്രിയയെക്കുറിച്ച് മാത്രം വിവരമൊന്നും ലഭിച്ചില്ല. പെൺകുട്ടി സ്വന്തം താത്പര്യമനുസരിച്ച് വീട് വിട്ടിറങ്ങനുള്ള ഒരു സാധ്യതയുമില്ലെന്നാണ് കുടുംബം പറയുന്നത്. മീനങ്ങാടി പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. വിഷ്ണുപ്രിയയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നതോടെ ആശങ്കയിലാണ് കുടുംബം.
