Asianet News MalayalamAsianet News Malayalam

Wayanad Tiger attack : കടുവാപ്പേടിയിൽ ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി, മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്

Wayanad Tiger attack Counsillor Vipin Venugopal booked
Author
Mananthavady, First Published Dec 18, 2021, 9:04 AM IST

വയനാട്: കടുവാപ്പേടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസ്. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.

വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി 20 ദിവസത്തിനിപ്പുറവും തെരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

കൈയ്യാങ്കളി ഇങ്ങനെ

നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് വനം വകുപ്പ്. ഇന്നലെ പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന നാട്ടുകാർ കടുവയെ നേരിൽ കണ്ടിരുന്നു. ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വേണ്ട രീതിയിൽ തിരച്ചിൽ നടത്തിയില്ലെന്നാണ് പരാതി. രാവിലെ ഒൻപത് മണിയോടെയാണ് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തിയത്. ക്ഷുഭിതനായ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് ആരോപണം. സംഘർഷത്തിനിടെ വനം വകുപ്പ് ജീവനക്കാരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മാനന്തവാടി എംഎൽഎ ഒ.ആർ കേളു രംഗത്തെത്തി. ഇതിനിടെ കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

Follow Us:
Download App:
  • android
  • ios