പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി.

വയനാട്: വയനാട് കുറുക്കന്മൂലയിൽ (Kurukkanmoola) ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയുടെ (Tiger) സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുറുക്കൻമൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി. മൂന്ന് ദിവസം മുമ്പ് കടുവയുടെ ചിത്രം പാൽ വെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ ലഭിച്ചിട്ടില്ല.

ഇനിയും പിടിക്കാൻ പറ്റിയില്ല

നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് വനം വകുപ്പ്. ക്ഷുഭിതരായ നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനും ഇടയാക്കി. ഉദ്യോഗസ്ഥർക്കിടയിൽ ഏകോപനമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇന്ന് പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന നാട്ടുകാർ കടുവയെ കണ്ടു, ഉടൻ തന്നെ വിവരം വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വേണ്ട രീതിയിൽ തെരച്ചിൽ നടത്തിയില്ലെന്നാണ് പരാതി. രാവിലെ 9 മണിയോടെയാണ് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ ക്ഷുഭിതനായ നഗരസഭ കൗൺസിലർ വിപിൻ മുരളിയെ കൈയ്യേറ്റം ചെയ്തു. സംഘർഷത്തിനിടെ വനം വകുപ്പ് ജീവനക്കാരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ ഏറെ നേരം തടഞ്ഞുവെച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മാനന്തവാടി എംഎൽഎ ഒ ആർ കേളുവും രംഗത്തെത്തി. 

ചീഫ് വെൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻ്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും പൊലീസും വിവിധയിടങ്ങളിലായി ക്യാമ്പ് ചെയ്യുകയാണ്. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങിയ വൻ സംഘമാണ് കടുവയെ പിടിക്കാനായി കുറുക്കൻമൂലയിലുള്ളത്. 

ആ കടുവ വയനാട്ടിലേത് അല്ല

കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.