സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിതെന്ന് ഉമാ തോമസ് എംഎൽഎ
കൊച്ചി: താര സംഘടനയായ `അമ്മ' തെരഞ്ഞെടുപ്പിൽ തലപ്പത്ത് വനിതകൾ എത്തിയതിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി. ചരിത്രത്തിൽ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകൾ എത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നന്ദി, അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകൾ മായ്ച്ചു കളയാനുള്ള കരുത്ത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾക്കുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായും വുമൺ ഇൻ സിനിമ കളക്ടീവ് സ്ഥാപകാംഗം ദീദി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിത്. `അമ്മ'യുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും, മുഖ്യ ഭാരവാഹികളായി പുരുഷന്മാർക്കൊപ്പം വനിതകൾക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോർക്കുന്ന ഈ പുതിയ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ -ഉമ തോമസ് കുറിച്ചു. ചീത്ത ശീലങ്ങൾ പ്രതിരോധിച്ച് പുതിയ മാറ്റങ്ങൾ വന്നു. സ്ത്രീകളെ മുന്നിൽ നിർത്തി പലരും ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഈ വിജയം. സ്ത്രീകളുടെ മാത്രമല്ല പുരുഷൻമാരുടെ സമീപനത്തിലും മാറ്റം വന്നു എന്ന് വ്യക്തമായെന്നും മാലാ പാർവ്വതി പ്രതികരിച്ചു.
ആകെ 504 അംഗങ്ങളാണ് `അമ്മ' അസോസിയേഷനിലുള്ളത്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.
