Asianet News MalayalamAsianet News Malayalam

സ്ത്രീധനത്തിനെതിരെ നിയമമുണ്ട്, നടപ്പാക്കാൻ ഓഫീസർമാരുണ്ട്, ആരും പരാതി നൽകുന്നില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കേരളത്തെ പൂര്‍ണമായ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. വനിതാ കമ്മിഷന്‍ നടത്തുന്ന വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും സതീദേവി പറഞ്ഞു.

we have acts and officials to prevent dowry but no one is willing to complain says womens commission chief afe
Author
First Published Dec 20, 2023, 9:48 PM IST

കല്‍പ്പറ്റ: സ്ത്രീധന നിരോധനം പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ യുവതലമുറ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കണമെന്ന്  വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുനെല്ലിയില്‍ പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.  സ്ത്രീധനരഹിതമായ, ആര്‍ഭാടരഹിതമായ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് കുടുംബശ്രീ ഉള്‍പ്പെടെ മുന്‍ കൈയെടുക്കണമെന്നും സതീദേവി പറഞ്ഞു. 

സ്ത്രീധനം വാങ്ങാന്‍ പാടില്ല, കൊടുക്കാന്‍ പാടില്ല, ആഗ്രഹിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇതു സംബന്ധിച്ച് പരാതി സ്വീകരിക്കാന്‍ സ്ത്രീധന നിരോധന ഓഫീസര്‍മാരുമുണ്ട്. പക്ഷേ, പരാതി നല്‍കാന്‍ ആരും തയാറല്ല. ഇതു മൂലം കേസ് രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്നില്ല. കേരളത്തെ പൂര്‍ണമായ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. വനിതാ കമ്മിഷന്‍ നടത്തുന്ന വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സ്ത്രീ വിരുദ്ധ ചിന്തകളും സ്ത്രീധന മരണങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ സാമൂഹ്യ തിന്‍മകളോട് പോരാടാന്‍ യുവതലമുറ സജ്ജമാകണമെന്നും  വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍  ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി. ഇസ്മെയിലും  ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍  സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. വിജേഷും വിഷയാവതരണം നടത്തി.

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി. വത്സലകുമാരി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. രാധാകൃഷ്ണന്‍,  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റുഖിയ സൈനുദ്ദീന്‍,  വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന തുടങ്ങിയവര്‍  സംസാരിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios