Asianet News MalayalamAsianet News Malayalam

'പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കൾ'; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല'.

we killed for cpm party  Edayannur shuhaib murder case accused akash thillankeri facebook comment apn
Author
First Published Feb 15, 2023, 2:35 PM IST

കണ്ണൂർ : സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.  

'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു. 

'ഷാജറിനെ വേട്ടയാടുന്നു'; ട്രോഫി വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവിനെ പ്രതിരോധിച്ച് ആകാശ് തില്ലങ്കേരി

വെളിപ്പെടുത്തലിന് പിന്നാലെ  ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.  

 

 

 

Follow Us:
Download App:
  • android
  • ios