വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി. മദ്യം വിൽപ്പനയ്ക്കായിരുന്നെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് ഈ വിധി. സംശയങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും കൃത്യമായ തെളിവുകൾ വേണമെന്നും കോടതി വ്യക്തമാക്കി.
കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി. വ്യക്തമായ നിയമപരമായ അടിത്തറയില്ലാതെ ഒരു വ്യക്തിയെ കുറ്റക്കാരനായി കണ്ടെത്താനോ ശിക്ഷിക്കാനോ കഴിയില്ലെന്ന തത്വം അടിവരയിട്ടാണ് കോടതിയുടെ ചരിത്രപരമായ വിധി. പിടിച്ചെടുത്ത മദ്യം വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതി മദ്യം വിൽക്കാൻ ശ്രമിക്കുകയോ ആർക്കെങ്കിലും വിതരണം ചെയ്യുകയോ ചെയ്തതായി തെളിയിക്കാൻ കേസ് ഡയറിയിൽ യാതൊരുവിധ അന്തിമ തെളിവുകളുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി എന്തിനാണ് മദ്യം കൈവശം വെച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ രണ്ട് സാക്ഷികളും മൊഴി നൽകിയത്. ഇയാൾ മദ്യം വിൽക്കുന്നതോ കൈമാറുന്നതോ പണം വാങ്ങുന്നതോ ആരും കണ്ടിട്ടില്ല. മാത്രമല്ല, പിടിച്ചെടുത്ത മദ്യം പ്രതി സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചതാണെന്നാണ് പൊലീസ് അന്വേഷണത്തിലും വ്യക്തമായത്.
അന്വേഷണ ഘട്ടത്തിലും കോടതിയിലും താൻ മദ്യം വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. കേവലം സംശയങ്ങളുടെയോ അനുമാനങ്ങളുടെയോ അടിസ്ഥാനത്തിൽ ഒരാളെ ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ക്രിമിനൽ കേസുകളിലെ വിധികൾ സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും അപ്പുറം കൃത്യമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.


