ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ കേരളം സജ്ജമാകണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. എറണാകുളത്ത് ഫിലിം സിറ്റി, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികൾ വരുമെന്നും, ഒരുകാലത്ത് ഓഫ് സീസണായിരുന്ന മൺസൂൺ കാലം ഇന്ന് പ്രധാന ടൂറിസം സീസണായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം : ടൂറിസം രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളെയും വെല്ലുവിളികളെയും നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി നമ്മൾ പൂർണ്ണ സജ്ജരാകണമെന്നും ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'സോമതീരം ഷൂട്ട് ദ റെയിൻ 2026' മൺസൂൺ സോക്കർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വർഷങ്ങളിൽ ടൂറിസം രംഗത്ത് കേരളം വലിയ വികസന മാറ്റങ്ങൾക്കും നിക്ഷേപങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം തുടങ്ങിയ ബൃഹത്തായ പദ്ധതികൾ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. ടൂറിസം വികസനത്തിൽ സർക്കാരും സ്വകാര്യ പങ്കാളികളും ഒരു ടീമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുകാലത്ത് കേരള ടൂറിസത്തിന്റെ 'ഓഫ് സീസൺ' ആയിരുന്ന മൺസൂൺ കാലം, ഇന്ന് സംസ്ഥാനത്തിന്റെ ഏറ്റവും വിജയകരമായ ടൂറിസം സീസണായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഈ സമയത്ത് വലിയ തോതിൽ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും. മാറുന്ന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു.