ജനസൗഹൃദ പൊലീസ് സംവിധാനം ലക്ഷ്യമിട്ട് കേരളത്തിൽ 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പേരൂർക്കടയിൽ ഉദ്ഘാടനം നിർവഹിച്ച പദ്ധതി, പൊലീസ് സ്റ്റേഷനുകളുടെ രൂപത്തിലും പ്രവർത്തനത്തിലും മാറ്റം വരുത്തി ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകാൻ ലക്ഷ്യമിടുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തിൽ പൊലീസിന് മികച്ച സ്ഥാനം നേടാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. പൊലീസ് സൗഹാർദ്ദപരമായി പെരുമാറുന്നതിനൊപ്പം നിയമം ലംഘിക്കുന്നവർക്ക് പൊലീസ് അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയവും ഉണ്ടാകണം. ലോകത്ത് കുറ്റവാളികൾ കൂടുതൽ നൂതനമായ രീതികൾ സ്വീകരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് പൊലീസിന്റെ പ്രവർത്തനരീതിയിലും മാറ്റം വരണം. പൊലീസ് നമ്മുടെ സുഹൃത്തും ബന്ധുവുമാണെന്ന ബോധം ജനങ്ങളിൽ വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘മൈ പൊലീസ് സ്റ്റേഷൻ’ എന്ന് ഏതൊരാൾക്കും അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളുടെ രൂപത്തിലും പ്രവർത്തനത്തിലും മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ രീതിയിൽ പ്രൊഫഷനലിസത്തിലൂടെയും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയും പൊലീസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പടിപടിയായി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
രാജ്യത്തിന് മാതൃകയായ പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാൽ കൂടുതൽ പരിഷ്കരണം ആവശ്യമാണ്. അതിലേക്കുള്ള മുന്നേറ്റമാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി. ഒരു കാലത്ത് ഭരണകൂടത്തിന്റെ മർദ്ദനോപകരണമായിരുന്ന പൊലീസ് സംവിധാനം ഇനി അങ്ങനെയുണ്ടാകില്ലെന്നും സംസ്ഥാനത്തെ പൊലീസിന്റെ അകവും പുറവും ഒരുപോലെ മാറുകയാണ്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവ പോലെ പൊലീസ് സ്റ്റേഷനുകളും ജനസേവന കേന്ദ്രങ്ങളായി മാറണം. ജനങ്ങളുടെ സഹകരണം കൊണ്ടാണ് ‘ഓപ്പറേഷൻ തൂഫാൻ’ ഇത്രയും വിജയകരമായതെന്നും മന്ത്രി വ്യക്തമാക്കി.
പൗരന്റെ അന്തസിനെ പൂർണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുജനസൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പരാതി ഹെൽപ്പ് ഡെസ്‌ക്, വനിതാ ഹെൽപ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ്‌ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ് ഡെസ്‌ക്, സൈബർ ക്രൈം ഹെൽപ്പ് ഡെസ്‌ക്, നിയമസഹായ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയ വിവിധ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
പൊലീസിന്റെ നേട്ടങ്ങൾക്ക് തിരിച്ചടിയാകുന്ന മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പൂർണമായും ഇല്ലാതാക്കി പൊലീസ് സ്റ്റേഷനുകളെ ആധുനിക ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ പരിശീലനമടക്കമുള്ള കർമപരിപാടികൾക്ക് പൊലീസ് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


