പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  

കോട്ടയം : പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബിജെപിക്കും സിപിഎമ്മിനും ധാർമികത പറയാൻ എന്ത് അവകാശമാണുള്ളതെന്നും സതീശൻ ചോദിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തുന്ന കാര്യങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുമെനന്നും സതീശൻ വ്യക്തമാക്കി.

‘ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ഇത്തരത്തിൽ ഒരു വിഷയം ഉയർന്നു വന്നപ്പോൾ ഇത്രയും കർക്കശ്യമായി ഒരു തീരുമാനം എടുക്കുന്നത്. പാർട്ടിക്ക് മുന്നിലോ പൊലീസിലോ ഒരു പരാതിയും ലഭിച്ചിട്ടില്ല. ഒരു തെളിവുമില്ല. എന്നിട്ടും 24 മണിക്കൂറിനുള്ളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ രാജിവെച്ചു. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു’. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു.

രാഹുൽ കോൺഗ്രസ് പാർട്ടിയുടെ മുൻപന്തിയിൽ നിൽക്കുന്ന ആളാണ്. ഞങ്ങൾക്ക് ഏറ്റുമടുപ്പമുള്ള ഏറ്റവും ബന്ധമുള്ള ആളാണ്. പക്ഷേ രക്ഷപ്പെടുത്താൻ ഒരു ശ്രമം നടത്തിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

എംബി രാജേഷിന് മറുപടി

ഒരു റേപ്പ് കേസിലെ പ്രതിയായ എംഎൽഎ കൈ പൊക്കിയിട്ടാണ് എം ബി രാജേഷ് മന്ത്രിയായി തുടരുന്നത്. അതിൽ എം ബി രാജേഷിന് ഉളുപ്പുണ്ടോയെന്ന് സതീശന്റെ ചോദ്യം. പോക്സോ കേസിലെ പ്രതി ബിജെപിയുടെ ഹൈകമ്മിറ്റിയിലുണ്ട്. ആരും ഒരു രാഷ്ട്രീയ പാർട്ടിയും ഒരു നടപടിയുമെടുത്തിട്ടില്ല. കേരളത്തിൽ സിപിഎമ്മിനകത്ത് തന്നെ എത്രയോ പേർ ഇത്തരം ആരോപണം നേരിടുന്നവരുണ്ട്. പക്ഷേ നടപടികളുണ്ടായിട്ടില്ല.

സ്ത്രീകളോടുള്ള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ബഹുമാനം കൊണ്ടാണ് ഈ നടപടികളെല്ലാം എടുക്കാൻ കാരണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

സൈബർ ഇടത്തിൽ സ്ത്രീകളെ ആക്രമിക്കുന്നത് മനോരോഗം

എംഎൽഎ ഉമ തോമസും മറ്റു വനിതാ നേതാക്കളും പറഞ്ഞത് അവരവരുടെ അഭിപ്രായങ്ങളാണ്. കേരളത്തിലെ സിപിഎമ്മാണ് സ്ത്രീകൾക്കെതിരായുള്ള സൈബർ ആക്രമണം ആദ്യം തുടങ്ങിയത്. ആരെയും സൈബർ ഇടത്തിൽ ആക്രമിക്കാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. സൈബർ ഇടത്തിൽ സ്ത്രീകളെ ആക്രമിക്കുന്നത് ഒരുതരം മനോരോഗമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.