Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് നിർബന്ധം

Wearing of masks is again mandatory in Kerala
Author
Thiruvananthapuram, First Published Jun 28, 2022, 11:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ  12 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൂടുതൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചത്. 782 കേസുകൾ. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെ സ്ഥിരീകരിച്ചു.കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍  79, കാസര്‍കോട് 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ആശ്വാസം, കേസുകൾ കുറഞ്ഞു

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ, 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 2.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനമായിരുന്നു. 

Follow Us:
Download App:
  • android
  • ios