സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വയനാട്ടിൽ വിനോദസഞ്ചാരം നിരോധിക്കുകയും കർണാടകയിലും മഴ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. നാളെ പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി
മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി. വയനാട് ജില്ലയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി.
തമിഴ്നാട്ടിലും മഴ തുടരുകയാണ്. തേനി, മധുര, ദിണ്ടിഗൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആകെ 34 ജിലകളിൽ മഴ മുന്നറിയിപ്പ് നൽകി. കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. നീലഗിരിയിൽ നിയന്തരണം തുടരുന്നു.
കർണാടകത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ചാമരാജ് നഗർ, ഹാസൻ, ബല്ലാരി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു ഉൾപ്പെടെ 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലും മലയോര മേഖലകളിലും ജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.





