Asianet News MalayalamAsianet News Malayalam

ന്യൂനമർദം തീവ്രന്യൂനമർദമായി, കേരളത്തിൽ അതിശക്തമഴ; ഓ‌റഞ്ച് അലർട്ട് 5 ജില്ലകളിൽ 

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ -ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറി.  

Weather Today Depression in Arabian Sea heavy Rain Alert in kerala Orange Alert five districts apn
Author
First Published Sep 30, 2023, 4:57 PM IST

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത് ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കും. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അല‍ര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറ‌ഞ്ച് അല‍ര്‍ട്ട്. നാളെ കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. 

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ -ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള ഒരു കാരണം. വടക്ക്  പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദവും  സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക്   പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. 

ഗ‍ര്‍ഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ, നഴ്സ് രക്തം നൽകിയത് കേസ് ഷീറ്റ് നോക്കാതെ!
 
അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.  

മഴക്കെടുതിയിൽ കേരളം 

മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. കൊല്ലം ചിതറയിൽ കാറ്റിൽ കാറിന് മുകളിലും കെട്ടിടത്തിന് മുകളിലും മരം വീണു. ആളപായമില്ല. ചെങ്ങന്നൂർ ബുധനൂരിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. ശക്തമായ കാറ്റിൽ വടക്കാങ്ങരയിൽ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. വടക്കാങ്ങര പള്ളിപ്പടിയിൽ 3 വീടുകൾക്ക് മുകളിലാണ് മരം വീണത്. തൃശൂർ മനക്കൊടി-പുള്ള് റോഡില്‍ വെള്ളം കയറിയതിനാൽ ഗതാഗതത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. കോഴിക്കോട് മുക്കം നെല്ലിക്കപൊയിലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിലായതോടെ ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കനത്ത മഴ തുടരുന്നതോടെ  കൊച്ചിയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി ബസ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ബോൾഗാട്ടിയിൽ മഴയത്തു ഒരു വീടിന്റെ കൂര ഇടിഞ്ഞുവീണു.

Follow Us:
Download App:
  • android
  • ios