Asianet News MalayalamAsianet News Malayalam

'ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്, അനിതയാണ് ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ'; രമേശ് ചെന്നിത്തല

''സ്‌നേഹ സമ്പന്നയായ  ജീവിത പങ്കാളി, ശ്രദ്ധയും കരുതലുമുള്ള അമ്മ,  ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ,  എന്നീ റോളുകളെല്ലാം അതീവ  തന്‍മയത്വത്തോടെയാണ് അനിത കൈകാര്യം  ചെയ്തത്.''

wedding anniversary of Ramesh Chennithala
Author
Trivandrum, First Published Apr 23, 2022, 3:15 PM IST

തിരുവനന്തപുരം: 36 വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വിവാഹവാർഷിക ദിനത്തിലെ (Wedding Anniversary) ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തലയുടെ ഈ വാക്കുകൾ. ''പൊതുമണ്ഡലത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന  എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം  കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍  ആ കുറവ് നികത്തിയത് എന്റെ  ഭാര്യയായിരുന്നു.'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  ഈ വിവാഹ വാര്‍ഷിക ദിനത്തിൽ എല്ലാവരുടെയും  ആശംസകളും, പ്രാര്‍ത്ഥനകളും എനിക്കും, അനിതക്കും ഞങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്ന് കൂട്ടിച്ചേർത്താണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയാണ്. ആ രാത്രിയിൽ പത്തുമണിയോടെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പെണ്ണുകാണാൻ വന്നുകയറിയ ഒരു ചെറുപ്പക്കാരൻ. അതാവും അനിതയുടെ ഓർമകളിലെ ആദ്യത്തെ ഞാൻ. അന്നത്തെ അസാധാരണ പെണ്ണുകാണലിൽ തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതം. ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. അന്ന് മുതല്‍ ഈ നിമിഷം വരെ എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിസ്രോതസാണ് അനിത. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുകയും അതിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന  എന്നെ സംബന്ധിച്ചിടത്തോളം  കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം  കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍  ആ കുറവ് നികത്തിയത് എന്റെ  ഭാര്യയായിരുന്നു. 

സ്‌നേഹ സമ്പന്നയായ  ജീവിത പങ്കാളി, ശ്രദ്ധയും കരുതലുമുള്ള അമ്മ,  ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ,  എന്നീ റോളുകളെല്ലാം അതീവ  തന്‍മയത്വത്തോടെയാണ് അനിത കൈകാര്യം  ചെയ്തത്. ഞങ്ങളുടെ മക്കളായ രോഹിതും രമിതും പഠിച്ച് വളര്‍ന്ന്, അവരവരുടെ കര്‍മപഥങ്ങളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍  കൈവരിച്ചതിന് പിന്നിലും എന്റെ പ്രിയ പത്‌നിയുടെ സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണമുണ്ടായിരുന്നു. തൊടുപുഴക്കടുത്തുള്ള പടിഞ്ഞാറേ കോടിക്കുളം എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്റെ  ജീവിതത്തിലേക്ക്  ധൈര്യപൂര്‍വ്വം കടന്ന് വരികയും,  കാറും കോളും നിറഞ്ഞ ജീവിത യാത്രയില്‍  എന്റെ ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്ന  അനിതയാണ് ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ഈ വിവാഹ വാര്‍ഷിക ദിനത്തിൽ എല്ലാവരുടെയും  ആശംസകളും, പ്രാര്‍ത്ഥനകളും എനിക്കും, അനിതക്കും ഞങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.


 

Follow Us:
Download App:
  • android
  • ios