അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവ്വീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവ്വീസ് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവ്വീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളിൽ പ്രർത്ഥനാ ചടങ്ങുകളിൽ 40 പേർക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന കർശനമാക്കും.

നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതൽ പതിവ് പോലെ തുടരും. ബുധനാഴ്ച്ച മുതൽ മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. കടകളിലെപ്പോലെ വാക്സിനേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റ് മാളുകളിലും നിർബന്ധമാക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധമുയർന്നെങ്കിലും ജനങ്ങൾ പാലിക്കുന്നുണ്ടെന്നാണ് അവലോകന യോഗത്തിന്‍റെ വിലയിരുത്തൽ. നിബന്ധനകൾ നിലനിർത്തേണ്ടത് അനിവാര്യമെന്നാണ് പൊതു നിർദേശം.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്നത്തെ കർക്കിടക വാവ് ചടങ്ങുകൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ ബലിതർപ്പണകേന്ദ്രങ്ങളിലോ നടത്തില്ല. വീടുകളിൽ തന്നെ ബലി അർപ്പിക്കാനാണ് നിർദ്ദേശം. ശിവഗിരി മഠത്തിന്‍റെ യൂട്യൂബ് ചാനൽ അടക്കം പല ക്ഷേത്രങ്ങളും ഓൺലൈൻ ആയി ബലിതർപ്പണം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിനിടെ 20 ലക്ഷം ഡോസ് വാക്സിൻ സർക്കാർ വാങ്ങി സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona