മലപ്പുറം: ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം വളരെയധികം ചർച്ച ചെയ്തിരുന്നു. കോൺഗ്രസിനകത്ത് തന്നെ ഭിന്നാഭിപ്രായങ്ങൾക്ക് വരെ കാരണമായതാണ് ഈ സഖ്യം. എങ്കിലും മലബാർ മേഖലയിൽ പലയിടത്തും യുഡിഎഫിന് വെൽഫെയർ പാർട്ടി സഖ്യം ഗുണം ചെയ്തു. മലപ്പുറം ജില്ലയിലെ കാരശേരി പഞ്ചായത്ത് ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കാൻ ഈ സഖ്യം സഹായിച്ചു.

യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് പത്ത് സീറ്റിലാണ് ഇവിടെ വിജയിച്ചത്. ആകെയുള്ള 18 സീറ്റിൽ എട്ട് സീറ്റാണ് ഇടതുമുന്നണിക്ക്. ഇവിടെ പതിനാറാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 13 സീറ്റിൽ ഇടതുമുന്നണിയാണ് വിജയിച്ചത്. യുഡിഎഫിന് അഞ്ച് സീറ്റായിരുന്നു ലഭിച്ചിരുന്നത്.