സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്. 

തൃശൂര്‍: കെ റെയില്‍ (K Rail) പദ്ധതിക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ (Welfare Party) സമരം. തൃശൂര്‍ പഴഞ്ഞിയില്‍ പദ്ധതിക്കായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്. ഐന്നൂര്‍ വാഴപ്പിള്ളി വര്‍മയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് എം.കെ. അസ്ലം നയിക്കുന്ന പ്രക്ഷോഭ റാലിയുടെ ഭാഗമായി പിഴുത് മാറ്റിയത്. സമരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കുരീപ്പുഴ ഉദ്ഘാടനം ചെയ്തു. നേരത്തെ കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കണ്ണൂരില്‍ മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വേ കല്ല് പിഴുതുമാറ്റുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി പി രാഹുലിനെതിരെയാണ് കേസെടുത്തത് തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂര്‍വ്വമാണെന്ന് രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ നിരവധി പേര്‍ സമാനമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പഴയങ്ങാടി പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പരാതി കൊടുത്ത ആള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകന്‍ ജനാര്‍ദ്ദനന്റെ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. എത്ര കേസെടുത്താലും പോസ്റ്റ് പിന്‍വലിക്കില്ലെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വം ആണെന്നും രാഹുല്‍ പറഞ്ഞു.