Asianet News MalayalamAsianet News Malayalam

3 മാസം മുൻപ് ഒമാനിലേക്ക് പോയി; തിരികെ വന്നപ്പോൾ നാടും വീടുമില്ല, 11 ഉറ്റവരും; നൊമ്പരക്കാഴ്ചയായി നൗഫൽ

ദുരന്തവാർത്തയറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് നൗഫൽ നാട്ടിൽ തിരിച്ചെത്തുന്നത്. 

Went to Oman 3 months ago When came back there was no land and no home lost 11 people including his father and mother
Author
First Published Aug 5, 2024, 2:34 PM IST | Last Updated Aug 5, 2024, 3:09 PM IST

കൽപറ്റ: കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് നൗഫൽ മൂന്ന് മാസം മുമ്പ്‍ ഒമാനിലേക്ക് പോയത്. തിരികെ വന്നപ്പോൾ നാടില്ല, വീടില്ല, ഉറ്റവരില്ല. വീടിരുന്ന സ്ഥാനത്ത് മൺകൂനയല്ലാതെ മറ്റൊന്നുമില്ല. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും സഹോദരന്റെ മക്കളും അടക്കം 11 പേരെയാണ് നൗഫലിന് നഷ്ടമായത്. ശൂന്യമായി, നിസ്സഹായതയോടെ ദുരന്തഭൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നൗഫൽ കണ്ടുനിൽക്കുന്നവരുടെ നെഞ്ചുപൊളളിക്കും. ദുരന്തവാർത്തയറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് നൗഫൽ നാട്ടിൽ തിരിച്ചെത്തുന്നത്.

മുണ്ടക്കൈ പള്ളിക്ക് സമീപത്തായിരുന്നു നൗഫലിന്റെ വീട്. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഓടി മുകളിലേക്ക് കയറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നൗഫലിന്‍റെ സഹോദരി ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നാണ് നൗഫല്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. എന്തുചെയ്യണമെന്നറിയാതെ വീടിരിക്കുന്ന സ്ഥലത്തേക്ക് നോക്കി നെഞ്ചു പൊട്ടി നില്‍ക്കുന്ന നൗഫല്‍ പൊള്ളിക്കുന്ന കാഴ്ചയാണ്. കാണാതായവരില്‍ ഇതുവരെ 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചതെന്ന് നൗഫലിന്‍റെ ബന്ധു പറഞ്ഞു. ബാക്കി മൃതദേഹേങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേ സമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.  

 

 

Latest Videos
Follow Us:
Download App:
  • android
  • ios