Asianet News MalayalamAsianet News Malayalam

വിമാനം രണ്ടാം ലാൻഡിംഗിൽ ഇറങ്ങിയത് റൺവേ മാറി, വീഴ്ച ആർക്ക്? ദുരന്തകാരണമെന്ത്?

വിമാനം ഇറക്കുമ്പോൾ പൈലറ്റ് ചെയ്ത കാര്യങ്ങൾ നോക്കാം. ആദ്യം വിമാനമിറക്കാൻ ശ്രമിച്ചത് കിഴക്ക് ദിശയിലുള്ള 28 എന്ന റൺവേയിൽ. പക്ഷേ, ആ ശ്രമം ഉപേക്ഷിച്ച് പടിഞ്ഞാറ് ദിശയിൽ നിന്ന്  തുടങ്ങുന്ന നമ്പർ 10 റൺവെയിലാണ് വിമാനമിറങ്ങിയത്. ആ തീരുമാനം ആരുടേതായിരുന്നു?

what are the reasons for karipur plane crash an explainer
Author
Kozhikode, First Published Aug 8, 2020, 1:09 PM IST

(ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ഷാജഹാൻ കാളിയത്ത് തയ്യാറാക്കിയ റിപ്പോർട്ട്)

കോഴിക്കോട്: കരിപ്പൂരിലെ വിമാനദുരന്തത്തിന്‍റെ കാരണങ്ങളെന്താവാം? കാലാവസ്ഥയെ മാത്രം പഴിചാരാമോ? സംഭവിച്ചത് എയർട്രാഫിക് കൺട്രോളിന്‍റെ വീഴ്ചയാണോ, അതോ റൺവേയുടെ മിനുസമോ? വിമാനത്തിന്‍റെ രണ്ടാം ലാന്‍റിംഗ് ശ്രമത്തിൽ പൈലറ്റ് റൺവേ മാറിയിറങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ട്?

ഒരു വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ അനുമതി നൽകുന്നതും റൺവേ സാഹചര്യം വിലയിരുത്തുന്നതും എയർ ട്രാഫിക് കൺട്രോൾ ആണ്. അവർ 2000 മീറ്റർ ഉയരേ നിന്ന് തന്നെ റൺവെ വ്യക്തമാണെന്ന് (Visibility) പൈലറ്റിന് സന്ദേശം നൽകിയിരുന്നു. 1400 മീറ്റർ ഉയരെ നിന്ന് താഴേയ്ക്ക് കാണാൻ വ്യക്തതയുണ്ടെങ്കിൽ തന്നെ വിമാനമിറക്കാമെന്ന് ചട്ടം. അപ്പോൾ കാലാവസ്ഥ മോശമായത് കാരണം റൺവേ കാണാത്തതല്ല പ്രശ്നമെന്ന് വ്യക്തം.

അടുത്ത ഒരു സാധ്യത ഹൈഡ്രോ പ്ലെയിനിംഗ് (Hydro Plaining) ആണ്. അതായത് വിമാനം ഇറങ്ങുമ്പോൾ റൺവേയിൽ കെട്ടിക്കിടക്കുന്ന വെള്ളം ടയറിന്‍റെ നിയന്ത്രണം തെറ്റിക്കുക. പക്ഷെ റൺവേയിൽ വെള്ളം കെട്ടിക്കിടന്നിരുന്നില്ല എന്നാണ് റിപ്പോർട്ട്.

മറ്റൊന്ന് റൺവേയുടെ ആദ്യം ടയർ ഉരഞ്ഞുണ്ടാകുന്ന റബ്ബർ അവശിഷ്ടം കാരണം ടയറുകൾ തെന്നി നീങ്ങാനുള്ള സാധ്യതയാണ്. പക്ഷെ വിമാനം റൺവെ തൊട്ടത് തുടങ്ങുന്ന ഭാഗത്തല്ല. നടുക്കാണ്. അവിടെ അത്തരമൊരു സാധ്യതയില്ല.

വിമാനം ഇറക്കുമ്പോൾ പൈലറ്റ് ചെയ്ത കാര്യങ്ങൾ നോക്കാം. ആദ്യം വിമാനമിറക്കാൻ ശ്രമിച്ചത് കിഴക്ക് ദിശയിലുള്ള 28 എന്ന റൺവേയിൽ. പക്ഷേ, ആ ശ്രമം ഉപേക്ഷിച്ച് പടിഞ്ഞാറ് ദിശയിൽ നിന്ന്  തുടങ്ങുന്ന നമ്പർ 10 റൺവെയിലാണ് വിമാനമിറങ്ങിയത്. ആ തീരുമാനം ആരുടേതായിരുന്നു?
 
എയർട്രാഫിക് കൺട്രോൾ തെറ്റായ സന്ദേശമാണോ നൽകിയത്? വിമാനം സുരക്ഷിതമായി ലാന്‍റ് ചെയ്തു എന്നവർ ഉറപ്പ് വരുത്തിയില്ലേ? അവർ ലാൻഡിംഗും അപകടവും വൈകി മാത്രമറിഞ്ഞതെന്ത് കൊണ്ടാണ്?

രണ്ടാമത്തെ റൺവെയിലിറങ്ങിയപ്പോൾ കാറ്റടക്കമുള്ള പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിരിന്നിരിക്കാമെന്നായിരുന്നു ആദ്യം വന്ന നിഗമനം. 14 നോട്ട് മാത്രം വേഗതയുള്ള ചെറിയ കാറ്റ് മാത്രമായിരുന്നു അപ്പോൾ വീശിയതെന്നാണ് അപ്പോഴത്തെ കാലാവസ്ഥ റിപ്പോർട്ട്. 12 മുതൽ 15 വരെയുള്ള ടെയിൽ 'വിൻഡ് ലാൻഡിംഗിന് ഓക്കെ' പറയാവുന്ന സാഹചര്യമാണ്. വിമാനത്തിന്‍റെ നിയന്ത്രണം തെറ്റിക്കില്ല. റൺവെക്കു കുറുകെയുള്ള ക്രോസ് വിൻഡ് ഉണ്ടായിരുന്നതായും സൂചനയില്ല.

വിമാനമിറങ്ങിയത് റൺവെയുടെ മധ്യഭാഗത്താണ്. ലാൻഡിംഗ് സമയത്ത് വിമാനത്തിന്‍റെ വേഗം കുറക്കാൻ ചിറകിന്‍റെ പിന്നിൽ ഫ്ലാപ്പുണ്ട്. അത് പ്രവിർത്തിക്കാതെ പോയോ? വിമാനത്തിന്  അതടക്കം മറ്റെന്തെങ്കിലും സാങ്കേതികത്തകരാറുണ്ടായിരുന്നുവെങ്കിൽ  അത് എയർ ട്രാഫിക് കൺട്രോളിൽ അറിയിക്കണമായിരുന്നു. അങ്ങിനെയുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടില്ല. 

അവസാനമായി ടേബിൾ ടോപ്പാണോ പ്രശ്നം? റൺവേയുടെ നീളം ഇവിടെ മുമ്പേ വിവാദവിഷയമാണ്. കരിപ്പൂരിലെ റൺവേയ്ക്ക് 2860 മീറ്റർ നീളമുണ്ട്.  നീളം കൂട്ടാത്തതും പ്രശ്നമാണെന്ന് അഭിപ്രായമുണ്ട്. എതിരഭിപ്രായവും ഉണ്ട്. ബോയിങ്ങ് വിമാനങ്ങളാണെങ്കിൽ പോലും 1630 മീ  ദൂരം മതി  ഇറങ്ങാനെന്നും ചില വ്യോമയാനവിദഗ്‍ധർ പറയുന്നുണ്ട്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. കാലാവസ്ഥ മാത്രമല്ല വില്ലൻ. വിമാനത്തിന് ഇറങ്ങാനുള്ള സന്ദേശം നൽകി മിനിറ്റുകൾക്കുള്ളിൽ കാലാവസ്ഥ തകിടം മറിഞ്ഞതിന് സ്ഥിരീകരണമില്ല. എയർട്രാഫിക് കൺട്രോളും ഉദ്യോഗസ്ഥരും നൽകിയ ആശയവിനിമയത്തിൽ തകരാറുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങളും ആവശ്യമാണ്. പൈലറ്റിന്‍റെ പിഴവെന്ന് ചൂണ്ടിക്കാട്ടി പതിവ് അപകടങ്ങളെപ്പോലെ ഈ ദുരന്തവും ചുരുട്ടിക്കൂട്ടരുത്.

Read more at: എങ്ങനെയാണ് കരിപ്പൂരിലെ വിമാനദുരന്തമുണ്ടായത്? ഗ്രാഫിക്സ് ചിത്രങ്ങളിലൂടെ കാണാം

Follow Us:
Download App:
  • android
  • ios