ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം പടിയിറങ്ങിയ പിണറായി സർക്കാർ കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. പൊതുവിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾക്കിടയിലും സർക്കാർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

തിരുവനന്തപുരം: രാജ്യത്ത് അവശേഷിച്ച ഒരേയൊരു ഇടത് സർക്കാരാണ് മെയ് 4 ന് കനത്ത പ്രഹരമേറ്റു വാങ്ങി പടിയിറങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് ഭരണത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് ഭരണത്തലപ്പത്തേക്ക് വരുന്നത്. 102 സീറ്റുകളോടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് യുഡിഎഫ് കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാനൊരുങ്ങുന്നത്. 99 സീറ്റുകളോടെ കഴിഞ്ഞ ടേമിൽ അധികാരത്തിലേറിയ ഇടത് സർക്കാരാകട്ടെ 35 സീറ്റുകളിലേക്ക് ഇത്തവണ ചുരുങ്ങുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ സർക്കാർ പടിയിറങ്ങുമ്പോൾ കേരളത്തിന് ബാക്കിയാകുന്നത് എന്താണ്?

അടിസ്ഥാന സൗകര്യ വികസനം തന്നെയാണ് കഴിഞ്ഞ പിണറായി സർക്കാരിന് എടുത്ത് പറയാവുന്ന ആദ്യ നേട്ടം. പൊതുവിദ്യാഭ്യാസം, ആരോ​ഗ്യം, റോഡുകളും പാലങ്ങളും തുടങ്ങിയ മേഖലകളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കിയതായി പൊതുവെ പറയപ്പെട്ട വർഷങ്ങളാണ് കഴിഞ്ഞുപോയത്. ഇതിനായി കിഫ്ബി എന്ന സംവിധാനത്തെ സർക്കാർ പ്രയോജനപ്പെടുത്തി. മുൻപ് നായനാർ സർ‌ക്കാരും ഉ‌മ്മൻചാണ്ടി സർക്കാരും കിഫ്ബിയെ ഉപ​യോ​ഗപ്പെടുത്താൻ ശ്രമിച്ചപ്പോഴുണ്ടായ പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചായിരുന്നു ഡോ.കെ.എം.എബ്രഹാം കിഫ്ബിയെ ഉടച്ചു വാർത്തത്. 2016ൽ ആദ്യ പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള പ്രധാനനീക്കങ്ങളിൽ ഒന്നായിരുന്നു അത്. ഫണ്ട് വകമാറ്റൽ എന്ന രീതി അപ്പാടെ മാറ്റാൻ കിഫ്ബിക്കായെന്നാണ് ഇടതുപക്ഷം പറയുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. 45,000 സ്മാർട് ക്ലാസ് റൂമുകളാണ് കിഫ്ബി വഴി സ്കൂളുകളിൽ ഒരുങ്ങിയതെന്നാണ് കഴിഞ്ഞ സർക്കാരിന്റെ റിപ്പോർട്ട്. പുതിയ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് പണിയുകയും പഴയവ പുതുക്കിപ്പണിയുകയും ചെയ്തത് വലിയ നേട്ടമായി പിണറായി സർക്കാർ കാണുന്നു. ആരോഗ്യ മേഖലയിലുമുണ്ടായി വലിയ മാറ്റങ്ങൾ. സംസ്ഥാനത്തെ ഒട്ടേറെ താലൂക്ക്, ജനറൽ ആശുപത്രികൾ ലോകനിലവാരത്തിലേക്കെത്തിക്കാൻ കിഫ്ബി വഴി പിണറായി സർക്കാരിനായി. എന്നാൽ, ശസ്ത്രക്രിയക്കിടെ രോ​ഗിയുടെ വയറ്റിൽ കത്രിക മറന്നുവയ്ക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ ദൈനംദിന പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയായിരുന്നുവെന്നും ഇത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ വരെ റദ്ദ് ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും ഇടതുപക്ഷം പറയുന്നു.

10 വർഷം കൊണ്ട് കേരളത്തിൽ നൂറുകണക്കിന് റോഡുകളും പാലങ്ങളുമാണ് ഉയർന്നത്. മലയോര ഹൈവേ, അന്തർജില്ലാ റോഡുകൾ അടക്കം കേരളത്തിന്റെ റോഡ് കണക്ടിവിറ്റിയിൽ വലിയ മുന്നേറ്റമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കിഫ്ബി പദ്ധതികൾ കൊണ്ടുവന്നത്. 253 റോഡുകൾ, 98 പാലങ്ങൾ, 50 മലയോര സ്ട്രെച്ചുകൾ, 60 റെയിൽവേ മേൽപ്പാലങ്ങൾ,39 തീരദേശ ഹൈവേ സ്ട്രെച്ചുകൾ, 17 ഫ്ലൈഓവറുകൾ, 5 ബൈപ്പാസുകൾ തുടങ്ങിയവ ഒരു ദശാബ്ദത്തിൽ സംഭവിച്ചവയാണെന്നാണ് ഇടത് സർക്കാരിന്റെ കണക്ക്. വയനാട് താമരശേരി ചുരത്തിന് ബദൽ പാതയായ ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനമാണ് ഈ പട്ടികയിൽ ഒടുവിലായെത്തിയത്.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ദേശീയ പാതാ വികസനം ഇന്നത്തെ നിലയിലെത്തിയതും കഴിഞ്ഞ സർക്കാർ ഉയർത്തിക്കാണിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന് വേണ്ട തുകയുടെ 25 ശതമാനം കിഫ്ബി വഴി സർക്കാർ സമാഹരിച്ച് ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയായിരുന്നു. ഒരു ലക്ഷം കോടിയോളം രൂപയുടെ 1237 പദ്ധതികളാണ് കേരളത്തിൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ. ഇതിൽ 41000 കോടിയിലേറെ രൂപ പദ്ധതികളുടെ നിർമാണത്തിനായി വിനിയോ​ഗിച്ച് കഴിഞ്ഞുവെന്നും ഇടതുപക്ഷം പ്രചരണായുധമാക്കിയിരുന്നു.