Asianet News MalayalamAsianet News Malayalam

മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ നേട്ടങ്ങള്‍ എന്തൊക്കെ? വിശദീകരിച്ച് മുഖ്യമന്ത്രി

ഒക്ടോബർ ഒന്നു മുതൽ 14 വരെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്. ഫിൻലന്‍ഡിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

what is the aim for ministers foreign visits, pinarayi vijayan clarify
Author
First Published Sep 16, 2022, 8:12 PM IST

തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തിന്‍റെ കാരണം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഒന്നു മുതൽ 14 വരെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്. ഫിൻലന്‍ഡിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് നിക്ഷെപം ക്ഷണിക്കും. നോക്കിയയുമായി ചർച്ച  നടത്തും. സൈബർ രംഗത്തെ സഹകരണം ചർച്ചയാകും. ടൂറിസം ആയൂർവേദ മേഖലകളിലെ സഹകരണവും ലക്ഷ്യം. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമാക്കിയാണ് നോര്‍വെ സന്ദര്‍ശിക്കുന്നത്. ഉരുൾപ്പൊട്ടൽ അടക്കം പ്രകൃതി ക്ഷോഭങ്ങളെ നേരിടാനുള്ള  പ്രവർത്തനങ്ങളും പഠിക്കും. 

ലോക കേരള സഭയുടെ യൂറോപ്യൻ മേഖലാ കോൺഫറൻസ് ഇത്തവണ ലണ്ടനിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യുകെയാണ് സന്ദര്‍ശിക്കുക. ടൂറിസം മന്ത്രി പരീസും സന്ദര്‍ശിക്കും. വിദേശയാത്ര പല ഘട്ടങ്ങളിലും വിവാദമായിട്ടുണ്ട്. വസ്തുത മനസ്സിലാക്കിയാൽ നേട്ടം ബോധ്യമാകും. ടെക്നോപാർക്ക് എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിക്കണം. ടെക്‌നോ പാർക്ക് ആദ്യമായി തുടങ്ങിയത് തന്നെ നായനാർ യുഎസ് സന്ദർശിച്ച ശേഷമാണ് ടെക്നോ പാര്‍ക്ക് ആശയമുണ്ടായത്. നായനാരും ഗൗരിയമ്മയും സിലിക്കൺവാലി സന്ദശിച്ചു. വിദേശത്തു ഒട്ടെറെ വികസന മാതൃകകൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ വാക്കുകള്‍

1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആര്‍ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ്  ആയ സിലിക്കണ്‍ വാലിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാര്‍ക്കായി അത് മാറിയതും.

 വിദേശ രാജ്യങ്ങളിലെ വികസന മാതൃകകള്‍  സംസ്ഥാനത്തിന്‍റെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയില്‍ പകര്‍ത്തിയെടുക്കാന്‍ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്. അതിന് ഉദാഹരണമാണ് ഡച്ച് മാതൃകയിലുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതി. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടിയുള്ള ഈ പദ്ധതി നമ്മള്‍ നടപ്പിലാക്കി. എന്നാല്‍ അതിനെ പരിഹസിക്കാനായിരുന്നു പലരുടെയും നിങ്ങളുടെയും ശ്രമം. 2019 ല്‍  നെതര്‍ലാന്‍റ്സ് സന്ദര്‍ശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചത്.

നെതര്‍ലാന്‍റ്സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാടുപോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതര്‍ലാന്‍റ്സില്‍ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് 'റൂം ഫോര്‍ റിവര്‍' എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് രാജ്യത്തെ എത്തിക്കുന്നത്. 1995 ന് ശേഷം നടന്ന വിവിധ ആലോചനകളുടെ ഭാഗമായി 2006 ലാണ്  റൂം ഫോര്‍ റിവറിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2006 ല്‍ തുടങ്ങിയെങ്കിലും 2015 ലാണ് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് എത്തിയത്. 10 വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിന്‍റെ ആക്കം കുറയ്ക്കാന്‍ നെതര്‍ലാന്‍റ്സിന് കഴിഞ്ഞു. അതായത്, 1993 ലെ പ്രളയത്തിനുശേഷം 22 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2015 ലാണ് റൂം ഫോര്‍ റിവര്‍ പദ്ധതി നെതര്‍ലാന്‍റ്സില്‍ യാഥാര്‍ഥ്യമായത്. 

വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നല്‍കുക എന്നതാണ് 'റൂം ഫോര്‍ റിവര്‍' എന്ന ആശയം. ഈ പദ്ധതി  കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ഉപകരിക്കുമെന്ന് മനസിലായതിന്‍റെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. പമ്പയാറും അച്ചന്‍കോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്‍റെ വീതി വളരെ കുറവാണ് എന്ന വസ്തുത പരിഗണിച്ച് ഈ ഭാഗത്തിന്‍റെ വീതി 80 മീറ്ററില്‍ നിന്ന്  400 മീറ്ററായി ഉയര്‍ത്തുകയും പമ്പയില്‍ നിന്ന് 75000 ക്യൂബ്ബിക് മീറ്റര്‍ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ചെയ്തു. ഇതുകാരണം നദീജലത്തിന്‍റെ ഒഴുക്ക് സുഗമമായി. 

what is the aim for ministers foreign visits, pinarayi vijayan clarify

ഹരിത കേരളം മിഷന്‍റെ ഭാഗമായി മലിനമായി കിടന്ന ജല സ്രോതസ്സുകള്‍ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കി. ഒഴുക്കു നിലച്ചു പൂര്‍ണ്ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു.  412 കിലോമീറ്റര്‍ പുഴയാണ് ഹരിത കേരളം മിഷന്‍റെ ഭാഗമായി ഇപ്രകാരം വീണ്ടെടുത്തത്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്‍റെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ച് ആഴം വര്‍ധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വര്‍ധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള ഘട്ടങ്ങളില്‍ നടത്തുക. മഴക്കെടുതി തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇനിയുള്ള പ്രവര്‍ത്തനങ്ങളും സുസ്ഥിര പുനര്‍നിര്‍മ്മാണത്തിന്‍റെ മാതൃകയിലാകും.

കുട്ടനാട് പാക്കേജിന്‍റെ കീഴില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിച്ചുകൊണ്ട് മഴവെള്ളവും പ്രളയജലവും ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കി. റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഡി പി ആറിന്‍റെ ഡ്രാഫ്റ്റ് ചെന്നൈ ഐ ഐ ടി യുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പരിഗണനയിലാണ്. 2020 ല്‍ ആരംഭിച്ച് വെറും 2 വര്‍ഷമേ കേരളത്തിലെ റൂം ഫോര്‍ റിവര്‍ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ.  വെറും രണ്ട് വര്‍ഷം കൊണ്ടാണ് കേരളത്തില്‍ മേല്‍പ്പറഞ്ഞ നിലയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞത്.

പുഷ്പകൃഷി നടത്തുന്നതിനായി നെതര്‍ലാന്‍റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും അന്നത്തെ സന്ദര്‍ശനത്തില്‍ തീരുമാനിച്ചിരുന്നു. അമ്പലവയലില്‍ ഇതിനായുള്ള സ്ഥലം കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ഇന്‍ഡോ  ഡച്ച് ആര്‍ക്കൈവ്സ് തയ്യാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. അതിന്‍റെ നടപടികള്‍ പുരോഗമിച്ചു വരുന്നു. ജര്‍മ്മനിയുമായി നടത്തിയ നയതന്ത്ര ചര്‍ച്ചയുടെ ഭാഗമായി നോര്‍ക്കയുമായി സഹകരിച്ചു നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴില്‍ അവസരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.  തൊഴില്‍ വകുപ്പിന് കീഴിലുള്ള  ഒഡെപെക് വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ ജോലി ലഭിച്ചത് 2,753 പേര്‍ക്കാണ്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ല്‍ പോലും 787 പേര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ സാധിച്ചു.

വിനോദസഞ്ചാര വകുപ്പ് വിവിധ രാജ്യങ്ങളില്‍ നേരിട്ട് സംഘടിപ്പിച്ച വ്യാപാര മീറ്റുകളിലും വിവിധ അന്തര്‍ദേശീയ മേളകളിലും പങ്കെടുത്ത്  കൂടുതല്‍ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും  ടൂറിസം മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. ജക്കാര്‍ത്തയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ ഇന്‍റര്‍നാഷണല്‍ ബ്ളൂ ഇക്കോണമി മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഫിഷറീസ് വകുപ്പ് മന്ത്രി പങ്കെടുത്തു.

ഇന്ത്യന്‍ മഹാസമുദ്രവുമായി ചേര്‍ന്നു കിടക്കുന്ന ഇരുപതിലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുവാനും മല്‍സ്യബന്ധനം, ശീതീകരണ പ്രക്രിയ, വിപണനസമ്പ്രദായങ്ങള്‍, മെച്ചപ്പെട്ട തൊഴില്‍ സേവന വ്യവസ്ഥകള്‍, സുരക്ഷ, കടലിലെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, ആധുനിക ബോട്ട് നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍, രാജ്യാന്തര തലത്തിലുള്ള ആഴക്കടല്‍ മല്‍സ്യബന്ധനം  മുതലായ വിഷയങ്ങളെപ്പറ്റി മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും ഈ കോണ്‍ഫറന്‍സ് വഴി സാധിച്ചിട്ടുണ്ട്.

അബുദാബിയില്‍ സംഘടിപ്പിച്ച വേള്‍ഡ് സ്കില്‍ കോംപറ്റീഷന്‍ പരിപാടിയില്‍ അന്നത്തെ തൊഴില്‍  മന്ത്രി പങ്കെടുത്തിന്‍റെ ഭാഗമായി കേരളത്തില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിന് സാധിച്ചു. കേരളത്തിലെ നേഴ്സുമാര്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും തൊഴില്‍ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകള്‍ ഫലം കണ്ടിട്ടുണ്ട്. അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകള്‍ കിഫ്ബിയുടെ മസാലബോണ്ട് ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കുന്നതിനും

കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവാസി ചിട്ടിയുടെ പ്രചരണത്തിനും ഗള്‍ഫ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും വേണ്ടിയുള്ളവയായിരുന്നു. മസാല ബോണ്ടിന്‍റെ ഭാഗമായി 2150 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് അന്ന് ലഭിച്ചത്. സംസ്ഥാനത്തെ മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ നോട്ടിംഹാം സിറ്റിക്കു സമാനമായി ഇലക്ട്രിക് വാഹനഗതാഗതം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെ ലണ്ടന്‍ യാത്ര ഉപയോഗപ്രദമായി. 

തിരുവനന്തപുരം ചിത്തിര തിരുന്നാള്‍ എഞ്ചിനീയറിംഗ് കോളേജിന് ബര്‍മ്മിംഗ്ഹാം സര്‍വ്വകലാശാലയുടെ ഫാക്കല്‍ട്ടി & സ്റ്റുഡന്‍സ് എക്സേഞ്ച് പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധാരണയായി. ഗവേഷണത്തിന് ഏര്‍പ്പെടുന്നതിനും ഫ്യൂച്ചര്‍ മൊബിലിറ്റിക്കുള്ള മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രാരംഭ നടപടികള്‍ ആയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios