കേരളത്തിൽ അടുത്തിടെ രണ്ടാം തവണയാണ് പൊലീസിന്റെ സല്യൂട്ടടിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നത്. നേരത്തെ തൃശൂർ മേയറാണെങ്കിൽ, ഇപ്പോൾ സുരേഷ് ഗോപി എംപിയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.  

തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ രണ്ടാം തവണയാണ് പൊലീസിന്റെ സല്യൂട്ടടിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നത്. നേരത്തെ തൃശൂർ മേയറാണെങ്കിൽ, ഇപ്പോൾ സുരേഷ് ഗോപി എംപിയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യത പൊലീസിനുണ്ടോ? എന്താണ് പ്രൊട്ടോക്കോൾ എന്നും പരിശോധിക്കാം. 

പൊലീസ് മാന്വൽ പ്രകാരം എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യതയില്ലെന്നാണ് പറയുന്നത്. എന്നാൽ കീഴ്വഴക്കം എന്നോണം മുൻ ജനപ്രതിനിധികളെയടക്കം പൊലീസുകാർ സല്യൂട്ടടിക്കാറുണ്ട്. രാഷ്ട്രീയ സ്വാധീനം ഭയന്നാണ് ഇത്തരം നടപടികളെന്ന് പറയാം. ഒല്ലൂർ എസ്ഐയോട് സുരേഷ് ഗോപി എംപി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാവുകയാണ്. 

നിർബന്ധിച്ചുള്ള സല്യൂട്ട് വാങ്ങലിനോട് താൽപര്യമില്ലെന്നാണ് പൊലീസ് അസോസിയേഷന്റെയും നിലപാട്. എന്നാൽ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്നത് ജനാധിപത്യത്തെയും പ്രതിനിധികളെയും അംഗീകരിക്കാനാണ്. അത് നിർബന്ധിതമാകുമ്പോഴാണ് പ്രശ്നങ്ങളെന്നും അസോസിയേഷൻ നിലപാട് വ്യക്തമാക്കുന്നു.

സല്യൂട്ടടി ഏകപക്ഷീയമായി ഉയർന്ന റാങ്കിലുള്ളവർക്ക് നൽകുന്ന ആദരമല്ല, മറിച്ച് പരസ്പരം ആദരപൂർവ്വം നൽകുന്ന അഭിവാദ്യമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നു. പൊലീസ് മാന്വൽ പ്രകാരം സല്യൂട്ട് ചെയ്യേണ്ടവരായി പറയുന്നത് ഇവർക്കൊക്കെയാണ്.

  • രാഷ്ട്രപതി 
  • പ്രധാനമന്ത്രി
  • വൈസ് പ്രസിഡന്റ്
  • ഗവർണർ
  • മുഖ്യമന്ത്രി
  • കേന്ദ്ര–സംസ്ഥാന മന്ത്രിമാർ
  • ഡിജിപി, എഡിജിപി, ഐജി, ഡിഐജി
  • ദേശീയപതാക, വിവിധ സേനകളുടെ പതാക
  • യൂണിഫോമിലുള്ള മേലുദ്യോഗസ്ഥർ 
  • സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
  • ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ യൂണിറ്റ് കമൻഡൻറുമാർ
  • ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർ (ഉയർന്ന റാങ്കിലുള്ള പ്രത്യേക സേനാംഗങ്ങൾ)
  • ജില്ലാ കലക്ടർ
  • മൃതദേഹം
  • സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ 
  • സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
  • ഔദ്യോഗിക ജോലിയിലുള്ള മജിസ്ട്രേറ്റുമാർ
  • എസ്ഐ ( സമാന റാങ്കുള്ള ഉദ്യോഗസ്ഥർ)

"

അതേസമയം എംപിക്ക് സല്യൂട്ട് സ്വീകരിക്കാമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച വിവരമെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. സല്യൂട്ടിന്റെ കാര്യം കേരളാ പൊലീസിന് തീരുമാനിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സല്യൂട്ട് ചെയ്തിരിക്കണമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച വിവരം. പുതിയ മാറ്റങ്ങളുണ്ടെങ്കിൽ അത് സെക്രട്ടേറിയറ്റ് ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.