യുഡിഎഫിന്റെ മിന്നും വിജയത്തിന് കാരണം എൽഡിഎഫിന്റെ തന്നെ പാളിച്ചകളാണ്. സംഘടനാ ധാർഷ്ട്യം, മതനിരപേക്ഷ നിലപാടിൽ നിന്നുള്ള വ്യതിചലനം, ആഭ്യന്തര പ്രശ്നങ്ങൾ എന്നിവ എൽഡിഎഫിന് തിരിച്ചടിയായപ്പോൾ, ഈ പിഴവുകൾ മുതലെടുത്ത് ഐക്യത്തോടെ പ്രചാരണം നയിക്കാൻ യുഡിഎഫിന് സാധിച്ചു.
തിരുവനന്തപുരം: യുഡിഎഫിന് അനുകൂലമായ നിരവധി ഘടങ്ങൾ പറയാനുണ്ടെങ്കിലും തുടര്‍ ഭരണം ലക്ഷ്യമിട്ട എൽഡിഎഫിന്റെ പാളിച്ചകളേറെ യുഡിഎഫിന് ഗുണം ചെയ്തു. മൂന്നാം ടേം ഉറപ്പിച്ചിറങ്ങിയ എൽഡിഎഫിന് പാളിയ ഇടങ്ങളിലെല്ലാം സ്കോര്‍ ചെയ്തു എന്നത് കൂടിയാണ് യുഡിഎഫിന്റെ ഈ മിന്നും ജയം സമ്മാനിച്ചത്. ഇടത് നയത്തിലും നിലപാടിലും വെള്ളം ചേർത്തതും മതനിരപേക്ഷ മുഖം നാല് വോട്ട് ലക്ഷ്യമിട്ട് അടിയറവച്ചതും ഇതുമുന്നണിയുടെ ദയനീയ തോൽവിക്ക് കാരണമായി. സിപിഎം നേതൃത്വത്തിന്റെ സംഘടനാ ധാർഷ്ട്യത്തിനും മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുകൊണ്ട് എൽഡിഎഫ് തോറ്റു, അല്ലെങ്കിൽ യുഡിഎഫ് എന്തുകൊണ്ട് ജയിച്ചു എന്നത്, ഫലം വിശകലനം ചെയ്യുമ്പോൾ ഒറ്റവാക്കിൽപറയാൻ കഴിയുന്നതല്ല ഉത്തരം. പത്ത് വർഷത്തെ ഭരണത്തുടർച്ച കൊണ്ട് നാട് വികസിച്ചെന്ന് അവകാശപ്പെടുമ്പോൾ സംഘടനാ സംവിധാനത്തിന് ഉണ്ടായത് സാരമായ പരിക്കാണ്. ഭരണമാണ് ഒറ്റമൂലിയെന്ന അധികാര ധാർഷ്ട്യം, ജനങ്ങളിൽ നിന്നും ജനപക്ഷത്ത് നിന്നും അകന്ന് പോയ പ്രവർത്തന ശൈലി, തിരുവായ്ക്ക് എതിർവാ പാടില്ലെന്ന മട്ടിലെ അടിച്ചമർത്തലുകൾ. മതനിരപേക്ഷതയായിരുന്നു ഇതുവരെയുള്ള ഇടത് മുഖമുദ്രയെങ്കിൽ ന്യൂനപക്ഷ മത നേതൃത്വങ്ങളെയും അവരുടെ നിലപാടുകളേയും തെരുവിലിട്ട് അലക്കുന്നതായിരുന്നു പ്രസംഗ ശൈലി പോലും. ഇത്തരം ആരോപണങ്ങൾ ഉയര്‍ന്നപ്പോഴെല്ലാം, കൃത്യമായി അത് ന്യായീകരിച്ചു പോന്നും നേതാക്കൾ. എന്നാൽ ഈ മാറ്റം ഗൃഹപാഠം ചെയ്ത് ജനങ്ങളിലേക്ക് അതിന്റെ തീവ്രവത കുറയാതെ എത്തിക്കാൻ യുഡിഎഫിന് സാധിച്ചു.
ഇടത് പക്ഷത്തെന്ന് ഇടയ്ക്കിടെ ഉദ്ഘോഷിച്ച്, വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സമുദായ നേതാക്കൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങളെ പേരിന് തിരുത്താൻ പോലും സിപിഎം നേതൃത്വം തയ്യാറായതുമില്ല. ഫലത്തിൽ എസ്ഐആറിന് പിന്നാലെ ഉരുത്തിരിഞ്ഞ പൗരബോധത്തെ വോട്ടാക്കാൻ ജമാ അത്തെ ഇസ്ലാമി പോലെയുള്ള ശക്തികൾ വല വിരിച്ചപ്പോൾ അതിൽ എളുപ്പം വീണു ഇടതുമുന്നണി. ഇതിനെല്ലാം പുറമെയാണ് പാർലമെന്ററി പദവികളോട് നേതൃത്വം കാണിച്ച അമിതാസക്തി പാർട്ടി കോട്ടകളിൽ പോലും ഉണ്ടാക്കിയ വലിയ വിള്ളൽ. ആരോപണങ്ങൾ, അണികളിലേക്ക് പടര്‍ന്നുവെന്ന സൂചനകൾക്കിടയിലും ശ്യാമള മാറി നിൽക്കട്ടെ എന്ന് പറയാൻ എംവി ഗോവിന്ദൻ തയ്യാറായില്ല, പാർട്ടി രീതികളോട് പരിഭവം പറഞ്ഞ മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്താൻ നേതൃത്വത്തിന് കഴിഞ്ഞതുമില്ല. ഒടുവിൽ പാർലമെന്റി വ്യാമോഹമെന്ന് അധിക്ഷേപിച്ച് മാറ്റി നിർത്തിയവർ തന്നെ പാർട്ടി കോട്ടകളിൽ പാരയായി. ഇനി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലേക്ക് വന്നാലും സർക്കാർ നേട്ടങ്ങൾ വിലപ്പോയില്ല, ശബരിമല അടക്കം വിവാദങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചതുമില്ല. തട്ടകത്തിൽ പിണറായി വിജയൻ വരെ വിയർത്തപ്പോൾ തട്ട് കേട് ഇല്ലാതെ ജയിച്ച് കയറിയവരുടെ കണക്കെടുത്ത് നോക്കു, അവരാരും കേവലം പാർട്ടിയായിരുന്നില്ല. വ്യക്തി മികവിനും മണ്ഡല സ്വാധീനത്തിനും അപ്പുറം പാർട്ടിക്കോ മുന്നണിക്കോ അവരുടെ ആരുടേയും വിജയത്തിൽ വലുതായൊന്നും അവകാശപ്പെടാനുമില്ല
സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന അതല്ലെങ്കിൽ സമരങ്ങൾ മുഖമുദ്രയാക്കിയ ഇടത് രാഷ്ട്രീയം ഭരിക്കുമ്പോൾ, നടന്ന സമരങ്ങളോട് , സർക്കാർ സ്വീകരിച്ച സമീപനം ഇടതിന്റെ അടിസ്ഥാന അനുഭാവികളെയും നിരാശയിലാക്കിയിരുന്നു. ആശാ സമരം, നഴ്സുമാരുടെ സമരം തുടങ്ങിയവ ആ വിഭാഗവുമായി അടുത്തിടപഴകുന്ന സ്ത്രീകളിൽ അനുഭാവം സൃഷ്ടിച്ചു. ആഗോള അയ്യപ്പ സംഗമം തുറന്നുവിട്ട 'ശബരിമല സ്വർണ്ണക്കൊള്ള' എന്ന ഭൂതത്തെ ഒരുതരത്തിലും തടയാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ബിജെപി ഇതിനെ ഫലപ്രദമായി ഉയർത്താഞ്ഞത് ഹിന്ദു വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിച്ചു. ബിജെപിയിലേക്ക് അടുപ്പം കാണിച്ച ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ കോൺഗ്രസ് നടത്തിയ കഠിന പ്രയത്നം എഫ്സിആര്‍എ കൂടി ചേര്‍ത്ത് തങ്ങൾക്കനുകൂലമാക്കാൻ യുഡിഎഫിന് സാധിച്ചു. ജമാഅത്ത് ഇസ്ലാമിയിലൂടെ തുടങ്ങിയ ആരോപണം തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ കോൺഗ്രസ് ഫലപ്രദമായി ഉപയോഗിച്ചു. ജമാഅത്തെ ഇസ്ലാമിയെ കടുത്ത ഭാഷയിൽ എതിർക്കുമ്പോഴും എസ്ഡിപിഐ പിന്തുണ എന്ന ആരോപണത്തെ സിപിഎമ്മിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനൊപ്പം ബിജെപിയുമായി ഡീൽ ഉണ്ടെന്ന ആരോപണം വേണ്ടത്ര ശക്തിയോടെ നേരിടാനോ ഗൗരവത്തിലെടുക്കാനോ സിപിഎമ്മിന് കഴിഞ്ഞില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇത്തിരി വൈകിയെങ്കിലും, ഇടതു വിരുദ്ധ വികാരം കുമിഞ്ഞുകൂടിയ അന്തരീക്ഷത്തിൽ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമായിരുന്നു. ശോഭ കെടുത്തുന്ന തരത്തിലുള്ള കോൺഗ്രസിന്റെ ചില നാടകീയതകളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ കല്ലുകടിയായെങ്കിലും, മുൻ കോൺഗ്രസിൽ നിന്ന് വ്യത്യസ്തമാകാനും തീരുമാനങ്ങൾക്ക് വേഗം കൂട്ടാനും ഇത്തവണ കോൺഗ്രസിന് സാധിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒറ്റക്കെട്ടെന്ന ഒരു ഫീൽ ഉണ്ടാക്കിയെടുക്കാനും പ്രചാരണ വിഷയങ്ങൾ എന്തെന്ന കാര്യത്തിൽ വ്യക്തതയോടെ മുന്നോട്ട് പോകാനും കോൺഗ്രസിന് സാധിച്ചു. വയനാട് പുനരധിവാസം അടക്കം പരിക്കുപറ്റുന്ന ചില ആരോപണങ്ങളിൽ കരുതലോടെ പെരുമാറിയ കോൺഗ്രസ്, യുഡിഎഫിനെ മുന്നോട്ട് നയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാണിച്ച അസാമാന്യ ആത്മവിശ്വാസവും ഷാഫി പറമ്പിലിനെ പോലുള്ള ക്രൗഡ് പുള്ളര്‍ യുവ നേതാക്കൾ ഓടി നടന്ന് പ്രചാരണം നടത്തിയതും യുഡിഎഫിനൊപ്പം നിൽക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു.
വിലക്കയറ്റവും, ഫീസ്, കറണ്ട് ബിൽ, വാട്ടര്‍ ബിൽ അടക്കമുള്ള വര്‍ധനവുകളെല്ലാം പ്രാദേശിക പ്രചാരണ വേളകളിൽ അവതരിപ്പിക്കാൻ യുഡിഎഫിന് സാധിച്ചു. കേഡര്‍ സംവിധാനമില്ലാഞ്ഞിട്ട് പോലും ജനങ്ങളിലേക്ക് ആഴത്തിലറങ്ങാൻ സാധിച്ച ഒരു മാജിക് ഇത്തണ വര്‍ക്കായി എന്ന് വേണം കരുതാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിലൂടെ അവര്‍ക്ക് വലിയൊരു കേഡര്‍ എന്ന പോലെ തദ്ദേശ പ്രതിനിധികൾ പ്രചാരണത്തിനിറങ്ങി. ഭരണത്തിലിരിക്കുന്ന നേതാക്കൾ പത്ത് വര്‍ഷം ജനങ്ങൾക്കിടയിൽ നിന്ന് മാറി നിന്നുവെന്ന തോന്നലുണ്ടാക്കിയെടുക്കാനും, പകരക്കാരായി അവര്‍ക്കൊപ്പം നിൽക്കാനും സോഷ്യൽ മീഡിയ അടക്കം ട്രെൻഡിൽ മുന്നേറാനും യുഡിഎഫിന് കഴിഞ്ഞത് തന്നെയാണ് കാര്യമായി തിരിച്ചറിയാതെ പോയ ഈ യുഡിഎഫ് തരംഗത്തിന് വേരിറക്കിയത് എന്ന് ഉറപ്പിച്ച് പറയാം.





