കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര, നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നിവയിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നിയമസഭയിൽ തുടരുകയാണ്, ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ആരോപണങ്ങളും സഭയിൽ ഉയർന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓർഡിനറി- ഫാസ്റ്റ് പാസഞ്ചറുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും. നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ പൂർത്തിയാകും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം. പുതുയുഗത്തിന്‍റെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക. ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.
ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് ഇന്നലെ അനുമതി ലഭിച്ചിരുന്നില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.


