അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയ ബന്ധു നിയമനം കോൺഗ്രസിന് തിരിച്ചടിയാകുന്നു. മന്ത്രിയുടെ സഹോദരീ ഭർത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ യാക്കോബായ സഭാ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയതോടെ വിവാദം ശക്തമായി.

പത്തനംതിട്ട: അധികാരമേറ്റ് ഒരു മാസം പോലും തികയും മുമ്പ് ഉയർന്ന ബന്ധു നിയമന വിവാദം കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ല എന്നാണ് കൂറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാർഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികൾ. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിനെ പരസ്യമായി പിന്തുണയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. നിലവിലെ ഭരണത്തിൽ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിന്‍റെ തുറന്ന പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മന്ത്രി മൗനത്തിൽ

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നില്ല. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്. പക്ഷെ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് വിശദീകരണം നൽകിയില്ല.