പ്രതി കെവിൻ ബാംഗ്ലൂർ ഐ ഐ എമ്മിൽ പഠിച്ചിറങ്ങിയ വ്യക്തിയാണ്. രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുള്ളയാൾ. അമ്മ മരിച്ചതിൽ പിന്നെ കെവിൻ ഒരു വർഷമായി ഒറ്റയ്ക്കാണ്.

എറണാകുളം: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതി കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ്. പ്രതിയുടെ ഫോൺ പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ ലഭിച്ചിരുന്നു. പ്രതി കെവിൻ ബാംഗ്ലൂർ ഐ ഐ എമ്മിൽ പഠിച്ചിറങ്ങിയ വ്യക്തിയാണ്. രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുള്ളയാൾ. അമ്മ മരിച്ചതിൽ പിന്നെ കെവിൻ ഒരു വർഷമായി ഒറ്റയ്ക്കാണ്. ഉന്നതരുമായുള്ള ബന്ധത്തിലൂടെ ലഹരി ഇടപാടിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരു വഴിയാണ് കെവിൻ ലഹരി എത്തിക്കുന്നത്. കൊച്ചിയിലെ ലഹരി പാർട്ടിയിൽ നിന്ന് കെവിൻ കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര സ്വദേശി കെവിൻ പിടിയിലായത്. കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്‌ലൻ്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചു. ഇയാൾ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃക്കാക്കരയിൽ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര ചെമ്പുമുക്ക് കെകെ റോഡിൽ റോസ് ലാൻഡ് വീട്ടിലെ താമസക്കാരനാണ് ഇയാൾ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി പിൽസ് എന്നിവയുണ്ടായിരുന്നു. പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.